ന്യൂഡൽഹി: സമീപകാലത്ത് പശ്ചിമേഷ്യയിലെ ഏറ്റവും നിർണായകവും ശ്രദ്ധേയവുമായ കൊലപാതകമായിരുന്നു ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ്യയുടേത്. ഇറാനിലെ ടെഹ്‌റാനിൽ അദ്ദേഹം കൊല്ലപ്പെട്ട സംഭവവുമായി തന്നെ അടുപ്പിച്ചുനിർത്തിയ കാര്യങ്ങളെക്കുറിച്ച് വിവരിക്കുകയാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹമാസ് നേതാവിനെ കണ്ടുമുട്ടിയതായി ഗഡ്കരി കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് വെളിപ്പെടുത്തിയത്.

To advertise here,

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് താൻ ഇറാനിൽ എത്തിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത്. ചടങ്ങിന് മുന്നോടിയായി ടെഹ്‌റാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വിവിധ രാഷ്ട്രത്തലവൻമാർക്കും പ്രതിനിധികൾക്കും അനൗപചാരിക ചായ സത്കാരം ഉണ്ടായിരുന്നു. താനും അവിടെ ഉണ്ടായിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു.

'വിവിധ രാഷ്ട്രത്തലവൻമാർക്കൊപ്പം അങ്ങനെ അല്ലാത്ത ഒരാളും അവിടെ ഉണ്ടായിരുന്നു. അത് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ്യ ആയിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടു. സത്യപ്രതിജ്ഞാ ചടങ്ങിന് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനുമൊപ്പം അദ്ദേഹം പോകുന്നതും ഞാൻ കണ്ടു' ഗഡ്കരി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഞാൻ എന്റെ ഹോട്ടലിലേക്ക് മടങ്ങി, എന്നാൽ ഏകദേശം രാവിലെ 4 മണിയോടെ ഇറാനിലെ ഇന്ത്യൻ അംബാസഡർ എന്റെ അടുത്തേക്ക് വന്ന് നമുക്ക് ഇവിടെനിന്ന് പോകണമെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു, അദ്ദേഹം പറഞ്ഞു ഹമാസ് തലവൻ കൊല്ലപ്പെട്ടു. ഞാൻ ഞെട്ടിപ്പോയി, എങ്ങനെയാണ് സംഭവിച്ചതെന്ന് ചോദിച്ചു, എനിക്കിതുവരെ അറിയില്ലെന്ന് അദ്ദേഹം മറുപടി നൽകി' ഗഡ്കരി പറഞ്ഞു.

ജൂലായ് 31 ന് ഏകദേശം 1:15 ന് ആണ് ഹനിയ്യ കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ അധികൃതർ വിശദീകരിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മേൽനോട്ടത്തിലുള്ള അതീവ സുരക്ഷാ സൈനിക സമുച്ചയത്തിലാണ് ഹനിയെ താമസിച്ചിരുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.

ഹനിയ്യയെ എങ്ങനെയാണ് കൊന്നതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് ഗഡ്കരി സദസ്സിനോട് പറഞ്ഞു. 'ചിലർ പറയുന്നു അദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിച്ചതുകൊണ്ടാണെന്ന്. മറ്റുചിലർ പറയുന്നു വേറെ ഏതെങ്കിലും രീതിയിൽ സംഭവിച്ചതാകാമെന്നും' ഗഡ്കരി കൂട്ടിച്ചേർത്തു.

ഇറാനിലെ ചാരന്മാരെ ഉപയോഗിച്ച് ഹനിയ്യ താമസിക്കുന്ന കെട്ടിടത്തിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചാണ് ഇസ്രയേൽ ചാര സംഘടനയായ മൊസാദ് കൊലപാതകം നടത്തിയതെന്നാണ് ഇസ്രയേൽ അധികൃതരുടെ അവകാശവാദം.