ന്യൂയോര്‍ക്ക്: പുതിയ മേയറായി സൊഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പതോടെ ന്യൂയോര്‍ക്കിന്റെ പ്രഥമ വനിതയായി റമ ദുവാജി. മംദാനി തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മേയറുടെ ഔദ്യോഗിക വസതിയായ 'ഗ്രേസി മാന്‍ഷനി'ലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പ്രഥമ വനിതയെത്തുന്നത്.

To advertise here,

സിറിയന്‍-അമേരിക്കന്‍ വംശജയാണ് സൊഹ്‌റാന്‍ മംദാനിയുടെ ഭാര്യ റമ. 1997-ല്‍ യുഎസിലെ ഹൂസ്റ്റണിലാണ് റമയുടെ ജനനം. എന്നാല്‍, റമയ്ക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ കുടുംബം ദുബായിലേക്ക് ചേക്കേറി. ഇതോടെ ദുബായിലായിരുന്നു സ്‌കൂള്‍ പഠനം. ഇതിനുശേഷം വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ദോഹയിലെ സാറ്റലൈറ്റ് കാമ്പസില്‍ പ്രവേശനം നേടി. പിന്നീട് വെര്‍ജീനിയയിലെ പ്രധാന കാമ്പസിലേക്ക് മാറി ഫൈന്‍ആര്‍ട്‌സില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. ശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍നിന്ന് ഫൈന്‍ആര്‍ട്‌സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

സൊഹ്‌റാന്‍ മംദാനിയും റമയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് വിവാഹത്തിലേക്കെത്തി. 2024 ഡിസംബറില്‍ ദുബായിലായിരുന്നു ഇരുവരുടെയും നിക്കാഹ്. തുടര്‍ന്ന് ഈ വര്‍ഷമാദ്യം ന്യൂയോര്‍ക്കില്‍ വിവാഹാഘോഷവും സംഘടിപ്പിച്ചു.

ആര്‍ട്ടിസ്റ്റും ഇല്ല്യൂസ്‌ട്രേറ്ററുമായ റമ നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി ന്യൂയോര്‍ക്കര്‍, വാഷിങ്ടണ്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ മാധ്യമങ്ങളില്‍ റമയുടെ സൃഷ്ടികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആപ്പിള്‍, സ്‌പോട്ടിഫൈ തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി ജോലിചെയ്തു. റമയുടെ പലസ്തീന്‍ അനുകൂല കലാസൃഷ്ടികളും ആനിമേഷന്‍ വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു.

മംദാനിയുടെ തിരഞ്ഞെടുപ്പ് കാമ്പയിന് തുടക്കമിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ബ്രാന്‍ഡിങ്ങിനായി പ്രവര്‍ത്തിച്ചത് റമയായിരുന്നു. കാമ്പയിന് വേണ്ട പോസ്റ്ററുകളും വീഡിയോകളുമെല്ലാം തയ്യാറാക്കുന്നതിലും ഭാര്യ പ്രധാന പങ്കുവഹിച്ചു. മംദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട ഡിസൈനും റമയുടെ സംഭാവനയായിരുന്നു. മംദാനിയുടെ സാമൂഹികമമാധ്യമ പ്രചാരണത്തിനും അവര്‍ ചുക്കാന്‍ പിടിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അണിയറയില്‍ സജീവമായിരുന്നെങ്കിലും പൊതുവേദിയില്‍ മംദാനിക്കൊപ്പം അപൂര്‍വമായേ റമ പ്രത്യക്ഷപ്പെട്ടിരുന്നൂള്ളു. ഇതുവരെ മംദാനിക്കൊപ്പം ഒരു ടിവി പരിപാടിയിലോ മറ്റു മാധ്യമങ്ങളുടെ അഭിമുഖങ്ങളിലോ റമ പ്രത്യക്ഷപ്പെട്ടിട്ടില്ല.