വാഷിങ്ടണ്‍: രണ്ടാമതും യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് പിന്നാലെ നടന്ന പ്രധാന തിരഞ്ഞെടുപ്പുകളിൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. റിപ്പബ്ലിക്കന്‍സിനെതിരെ ഡെമോക്രാറ്റുകള്‍ മേയര്‍-ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രംപ് പിന്തുണച്ച ആന്‍ഡ്രൂ ക്വോമോയോയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെയും പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി വിജയിച്ചത്.

To advertise here,

വിര്‍ജീനിയ, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ  ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകള്‍ക്കായിരുന്നു ജയം. ഇക്കൊല്ലം ഗവര്‍ണര്‍ തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങള്‍ ഇവ രണ്ടുമായിരുന്നു. ന്യൂജേഴ്‌സിയുടെ 57-ാമത് ഗവര്‍ണറായി മിക്കി ഷെറിലും വിര്‍ജീനിയ ഗവര്‍ണറായി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗറും തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ സ്റ്റേറ്റ് റെപ്രസെന്റേറ്റീവുമായിരുന്ന ജാക്ക് സിയാട്ടറെലിയെ പരാജയപ്പെടുത്തിയാണ് ന്യൂജേഴ്‌സിയുടെ ഗവര്‍ണറായി മിക്കി തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ ലെഫ്.ഗവര്‍ണര്‍ വിന്‍സം ഏര്‍ലി സിയേഴ്‌സിനേയൊണ് വിര്‍ജീനിയയില്‍ അബിഗെയ്ല്‍ പരാജയപ്പെടുത്തിയത്. രണ്ട് വനിതകളെ ഗവര്‍ണര്‍മാരായി തിരഞ്ഞെടുത്തുവെന്ന ചരിത്രവും ന്യൂജേഴ്‌സിയും വിര്‍ജീനിയയും കുറിച്ചു.

2026-ല്‍ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പുറത്തുവന്ന തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഏറെ നിര്‍ണായകമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തകൊല്ലം നവംബര്‍ മൂന്നിന് യുഎസ് പ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും യുഎസ് സെനറ്റിലെ 100-ല്‍ 35 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. മാത്രമല്ല, മുപ്പത്തൊമ്പതിടത്തെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളും പ്രാദേശികതലത്തിലുള്ള തിരഞ്ഞെടുപ്പും നടക്കും. ഈ നവംബറിലെ വിജയം അടുത്ത നവംബറിലെ മികച്ച പ്രകടനത്തിന് വഴിപാകുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍.

വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ഥികള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള യുഎസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ എക്‌സിലെ കുറിപ്പിലും ഡെമോക്രാറ്റുകള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.

ഇന്നത്തെ രാത്രി വിജയിച്ച മുഴുവന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ശക്തരും ദീര്‍ഘവീക്ഷണമുള്ളവരുമായ നേതാക്കള്‍ക്ക് ചുറ്റും നാമൊത്തുചേരുമ്പോള്‍ നമുക്ക് വിജയിക്കാനാകുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഇത്. ഇനിയും ധാരാളം കാര്യങ്ങള്‍ നമുക്ക് ചെയ്തുതീര്‍ക്കേണ്ടതുണ്ട്. എന്നിരുന്നാലും ഭാവി അല്‍പംകൂടി പ്രകാശമാനമായി തോന്നുന്നു, എന്നായിരുന്നു ഒബാമയുടെ കുറിപ്പ്.

അടുത്ത കൊല്ലത്തെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഇപ്പോഴത്തെ ഫലങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ട്രംപിന്റെ ഭരണകാലയളവിന്റെ രണ്ടാംപകുതിയില്‍ യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കണമെന്ന് ആ തിരഞ്ഞെടുപ്പിലൂടെ വോട്ടര്‍മാര്‍ നിശ്ചയിക്കും. ട്രംപ് ഭരണകൂടത്തിന്റെ ആദ്യകാല ഭരണത്തിന്റെ വിലയിരുത്തലാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നതെന്നും കണക്കാക്കപ്പെടുന്നു.