ക്വലാലംപുർ: 2014-ൽ മലേഷ്യൻ എയർലെെൻസ് 370- വിമാനം അപ്രത്യക്ഷമായത് സംബന്ധിച്ച നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്താനൊരുങ്ങി വ്യോമയാന രംഗത്തെ വിദഗ്ധർ. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരച്ചിലിനൊരുങ്ങുകയാണ് ഈരംഗത്തെ വിദഗ്ധരായ ജീൻ-ലൂക് മാർച്ചൻഡും പൈലറ്റ് പാട്രിക് ബ്ലെല്ലിയും.
വിമാനം തട്ടിക്കൊണ്ടുപോയതാകാം എന്നാണ് ഇരുവരും കരുതുന്നത്. പുതുതായി തിരച്ചിൽ ആരംഭിക്കണം. വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ബോധപൂർവം ആരോ ഓഫാക്കിയതാണെന്ന വാദവും വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റം ഓട്ടോപൈലറ്റ് മൂലമല്ലെന്ന കണ്ടെത്തലും സംഘം പരിശോധിക്കുന്നുണ്ട്. തങ്ങളുടെ കണ്ടെത്തലുകൾ റോയൽ എയ്‌റോനോട്ടിക്കൽ സൊസൈറ്റിക്ക് മുമ്പാകെ ഇരുവരും അവതരിപ്പിച്ചു.
ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി അതോറിറ്റി, മലേഷ്യൻ സർക്കാർ, പര്യവേക്ഷണ കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റി എന്നിവരോട് പുതിയ തിരച്ചിൽ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പിന്നാലെ, ‘നോ ഫൈൻഡ്, നോ ഫീ’ എന്ന അടിസ്ഥാനത്തിൽ തിരച്ചിൽ പുനരാരംഭിക്കാമെന്ന് ഓഷ്യൻ ഇൻഫിനിറ്റി അറിയിച്ചു. ശ്രമത്തിന് ആവശ്യമായ സബ്-നോട്ടിക്കൽ സെർച്ച് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചു.
വിമാനം ഹെജാക്ക് ചെയ്ത് വിദൂര സ്ഥലത്തെത്തിച്ച് തകർത്തതാണെന്ന് അനുമാനത്തിലാണ് പുതിയ തിരച്ചിൽ. സിഗ്നൽ പ്രൊപ്പഗേഷൻ റിപ്പോർട്ടർ ഡാറ്റയെ അടിസ്ഥാനമാക്കി പെർത്തിൽ നിന്നും 1560 കിലോമീറ്റർ അകലെയൊരു സ്ഥലത്ത് തിരച്ചിൽ നടത്താനാണ് ഇവരുടെ തീരുമാനം.
2014 മാർച്ച് എട്ടിനാണ് മലേഷ്യയിലെ ക്വലാലംപുരിൽ നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെയാണ് MH370 അപ്രത്യക്ഷമായത്. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് കരുതപ്പെടുന്നത്. 227 യാത്രക്കാരിൽ 153 പേർ ചൈനീസ് പൗരൻമാരായിരുന്നു. മലേഷ്യൻ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. ഷാ മനഃപൂർവം വിമാനം അപകടത്തിൽപ്പെടുത്തുകയായിരുന്നു എന്ന ആരോപണം ആദ്യം തന്നെ ഉയർന്നെങ്കിലും ഷായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത് നിഷേധിച്ചിരുന്നു. പറന്നുയർന്ന് 38-മത്തെ മിനിറ്റിലാണ് വിമാനവുമായി ഉണ്ടായ അവസാനത്തെ ആശയവിനിമയം. ആ സമയത്ത് ദക്ഷിണ ചൈനാക്കടലിന്റെ ഭാഗത്തായിരുന്നു വിമാനം. പിന്നീട് വിമാനവുമായുള്ള സമ്പർക്കം നഷ്ടമായി.
വ്യോമയാന ചരിത്രത്തിൽ ഏറ്റവും ചെലവേറിയ തിരച്ചിൽ സംരംഭമായിരുന്നു MH370യുടേത്. 2015 ലും 16 ലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിൽ നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങൾ MH370യുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
വിമാനം കാണാതായതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും ഒന്നിനും തെളിവുകളോ സ്ഥിരീകരണമോ ഉണ്ടായില്ല. വിമാനത്തിന്റെ അപ്രത്യക്ഷമാകലുമായി ബന്ധപ്പെട്ട് മലേഷ്യൻ ഭരണകൂടം രൂക്ഷവിമർശനം നേരിടേണ്ടതായും വന്നു. MH370യുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററികളും നോവലുകളും പുറത്തുവന്നിട്ടുണ്ട്.
Content Highlights: New search may solve mystery of missing Malaysia Airlines flight 370
Published: 26 Dec 2023, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented