ലണ്ടണ്‍:  കാണാതായ മലേഷ്യന്‍ വിമാനത്തെ സംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്. വിമാനത്തിലെ പൈലറ്റ് നടത്തിയ ആത്മഹത്യയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ടോണി ആബട്ട് പറയുന്നത്.

To advertise here,

2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ വിമാനമായ എംഎച്ച് 370 കാണാതാകുന്നത്. പൈലറ്റ് തന്നെയാകും വിമാനം തകരാന്‍ കാരണമെന്ന് മലേഷ്യന്‍ അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്നാണ് ആബട്ട് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. 

'എന്റെ ധാരണ, മലേഷ്യന്‍ ഗവണ്‍മെന്റിന്റെ ഉന്നത തലങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നുള്ള വ്യക്തമായ ധാരണ പ്രകാരം വളരെ നേരത്തെ തന്നെ പൈലറ്റിന്റെ ആത്മഹത്യാ കൊലപാതകമാണ് നടന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു- അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസിന്റെ എം.എച്ച്370: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ഡോക്യുമെന്ററിയിലാണ് ടോണി ആബട്ടിന്റെ വെളിപ്പെടുത്തല്‍.

ദുരന്തം നടന്ന സമയത്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്നു ടോണി ആബട്ട്. അതേസമയം വിമാനം കാണാതായ സമയത്ത് മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന നജീബ് റസാക്ക് ടോണി ആബട്ടിനെ വിമര്‍ശിച്ച് രംഗത്ത് വന്നു.

വിമാനത്തിന്റെ ബ്ലാക് ബോക്‌സോ, കോക്പിറ്റ് വോയിസ് റെക്കോര്‍ഡോ കണ്ടെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്തുന്നത് നിരുത്തരവാദപരമവും നിയമവിരുദ്ധവുമാണെന്ന് നദീബ് റസാക്ക് പറഞ്ഞു. എന്നാല്‍ വിമാനത്തിനായുള്ള തിരച്ചില്‍ ശ്രമത്തിനിടെയോ അന്വേഷണത്തിലോ ഇത്തരമൊരു സാധ്യത തള്ളിക്കളഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോണി ആബട്ടിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ പുനരന്വേഷണത്തിന് ആവശ്യമുന്നയിച്ചിട്ടുണ്ട്. 

ക്വലാലംപുര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 40 മിനിറ്റിന് ശേഷം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിലെ ആശയവിനിമയ സംവിധാനങ്ങള്‍ ആരോ മനഃപൂര്‍വം ഓഫ് ചെയ്യുകയും വിമാനത്തിന്റെ ഗതി മാറ്റുകയും ചെയ്തുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ സമീപ രാജ്യങ്ങളിലെ തീരങ്ങളില്‍ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 2017ല്‍ വിമാനത്തിനായി 15.1 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് വമ്പന്‍ തിരച്ചില്‍ നടത്തിയിരുന്നു. ചൈന, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ തിരച്ചില്‍ ഒരുവിമാനത്തിനായി നടത്തിയ ചരിത്രത്തിലേതന്നെ വലിയ തിരച്ചില്‍ യജ്ഞമായാണ് കരുതപ്പെടുന്നത്. ഇതിന് ശേഷം അമേരിക്കന്‍ സ്വകാര്യ കമ്പനിയും തിരച്ചില്‍ നടത്തി. എന്നാല്‍ വിമാനത്തിനെ സംബന്ധിച്ച തെളിവുകളൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.  

Content Highlights: MH370 was mass murder suicide by the pilot: Tony Abbott