ടെല്‍ അവീവ്: അഴിമതിക്കേസുകളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് മാപ്പ് അപേക്ഷ സമര്‍പ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരായ അഴിമതിക്കേസുകള്‍ രാജ്യത്തെ കീറിമുറിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടു.

To advertise here,

'ഇതൊരു അസാധാരണമായ അഭ്യര്‍ത്ഥനയാണെന്നും അതിന് കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസിന് അറിയാം. പ്രസക്തമായ എല്ലാ അഭിപ്രായങ്ങളും ലഭിച്ച ശേഷം, പ്രസിഡന്റ് ഉത്തരവാദിത്തത്തോടെ അഭ്യര്‍ത്ഥന പരിഗണിക്കും' നെതന്യാഹുവിന്റെ അപേക്ഷയില്‍ ഇസ്രയേല്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ആദ്യം ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക മാപ്പപേക്ഷ എത്തുന്നത്.

തനിക്കെതിരായ ആറ് വര്‍ഷം നീണ്ട അഴിമതി വിചാരണ അവസാനിക്കുന്നത് ഇസ്രായേലിന്റെ ദേശീയ താല്‍പ്പര്യത്തിന് അനിവാര്യമാണെന്ന് നെതന്യാഹു ഇതിന് പിന്നാലെ ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

'എനിക്കെതിരായ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ട് ഏകദേശം ഒരു ദശാബ്ദത്തോളമായി. ഈ കേസുകളിലെ വിചാരണ ഏകദേശം ആറ് വര്‍ഷമായി തുടരുകയാണ്, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണ്' നെതന്യാഹു പറഞ്ഞു.

എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തനാകുന്നത് വരെ നിയമനടപടികളുമായി മുന്നോട്ട് പോകുക എന്നതാണ് തന്റെ താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. 'എന്നാല്‍ സുരക്ഷാപരവും നയതന്ത്രപരവും ദേശീയ താല്‍പ്പര്യങ്ങളും മറ്റൊന്നാണ് ആവശ്യപ്പെടുന്നത്' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

'ഇസ്രയേല്‍ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്, അതോടൊപ്പം വലിയ അവസരങ്ങളുമുണ്ട്. ഭീഷണികളെ ചെറുക്കാനും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ദേശീയ ഐക്യം ആവശ്യമാണ്. വിചാരണയുടെ തുടര്‍ച്ച നമ്മളെ ഉള്ളില്‍ നിന്ന് കീറിമുറിക്കുന്നു. അത് ഭിന്നതകള്‍ സൃഷ്ടിക്കുകയും പിളര്‍പ്പുകള്‍ ആഴത്തിലാക്കുകയും ചെയ്യുന്നു. രാജ്യത്തെ മറ്റനേകം ആളുകളെ പോലെ എനിക്കും ഉറപ്പുണ്ട്, വിചാരണ പെട്ടെന്ന് അവസാനിപ്പിക്കുന്നത് സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാനും വിശാലമായ അനുരഞ്ജനത്തിന് വഴിയൊരുക്കാനും വളരെയധികം സഹായിക്കുമെന്ന്. അത് നമ്മുടെ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്'-നെതന്യാഹു പറഞ്ഞു.

എന്നാല്‍ നെതന്യാഹുവിന്റെ മാപ്പപേക്ഷ തള്ളണമെന്ന് ഇസ്രയേലിലെ പ്രതിപക്ഷം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദീര്‍ഘകാലമായുള്ള അഴിമതി വിചാരണ അവസാനിപ്പിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും, ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. 'കുറ്റസമ്മതം, ഖേദപ്രകടനം, രാഷ്ട്രീയ ജീവിതത്തില്‍ നിന്നുള്ള ഉടനടി വിരമിക്കല്‍ എന്നിവയില്ലാതെ പ്രസിഡന്റിന് നെതന്യാഹുവിന് മാപ്പ് നല്‍കാന്‍ കഴിയില്ല'-ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് പറഞ്ഞു.