കാഠ്മണ്ഡു: പ്രധാനമന്ത്രി 'ബലേൻ' എന്ന ബാലേന്ദ്ര ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവന നേപ്പാളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം ഒരു ഏകപക്ഷീയമായ വിഷയമല്ലെന്നും, പലയിടങ്ങളിലും നേപ്പാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.
പ്രധാനമന്ത്രിയുടെ ഈ പരാമർശത്തെത്തുടർന്ന് ഭിന്നിച്ചുനിന്നിരുന്ന പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് ആരോപിച്ച് നേപ്പാളിലെ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും തെരുവിലിറങ്ങി.
കാഠ്മണ്ഡുവിലെ മൈതിഘർ മണ്ഡലയിൽ ഒത്തുചേർന്ന പ്രതിഷേധക്കാർ 'പരമാധികാരം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തുകയും ബാലൻ ഷായുടേത് 'രാജ്യവിരുദ്ധ' പ്രസ്താവനയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. നേപ്പാളി കോൺഗ്രസ്, സി.പി.എൻ-യു.എം.എൽ (CPN-UML) തുടങ്ങിയ പ്രധാന പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയും പ്രധാനമന്ത്രി മാപ്പുപറയണമെന്നും പ്രസ്താവന ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയും നേപ്പാളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ചരിത്രരേഖകളും വിദഗ്ധരുടെ സഹായവും തേടണമെന്നും, ബ്രിട്ടീഷ് കാലഘട്ടത്തിലെ ഭൂപടങ്ങൾ ലഭ്യമായതിനാൽ ബ്രിട്ടന്റെ സഹായം തേടാമെന്നും ആയിരുന്നു ബലേൻ ഷാ നിർദ്ദേശിച്ചത്. ഏകപക്ഷീയമായ ആരോപണങ്ങൾക്ക് പകരം ഉഭയകക്ഷി ധാരണയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രി ഉദ്ദേശിച്ചത് ഔദ്യോഗികമായ അതിർത്തി വിട്ടുകൊടുക്കലിനെയല്ല, മറിച്ച് ദാസ്ഗജ (No-man's land) പ്രദേശത്തെ പ്രാദേശികമായ കൈയേറ്റങ്ങളെയും പ്രകൃതിദത്തമായ കാരണങ്ങളാൽ (പുഴകൾ വഴിമാറി ഒഴുകുന്നത്) അതിർത്തിയിലുണ്ടാകുന്ന മാറ്റങ്ങളെയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ബലേൻ ഷായുടെ ഈ നിർദ്ദേശത്തോട് രൂക്ഷമായാണ് ഇന്ത്യ പ്രതികരിച്ചത്. അതിർത്തി തർക്കങ്ങളിൽ ഒരു മൂന്നാം കക്ഷിക്കും സ്ഥാനമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തി സംബന്ധമായ വിഷയങ്ങൾ പൂർണമായും ഉഭയകക്ഷിബന്ധത്തിൽ അടിസ്ഥിതമാണെന്നും നിലവിലുള്ള സംവിധാനങ്ങളിലൂടെ മാത്രമേ ഇവ പരിഹരിക്കാനാവൂ എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു.
കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്നും അദ്ദേഹം ആവർത്തിച്ചു. 1816-ലെ സുഗൗളി ഉടമ്പടി പ്രകാരം കാളി നദിയെ അതിർത്തിയായി നിശ്ചയിച്ചതിലെ വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് അടിസ്ഥാനം. കാളി നദിയുടെ കൃത്യമായ ഉറവിടം എവിടെയാണെന്ന കാര്യത്തിൽ ഇന്ത്യക്കും നേപ്പാളിനും വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണുള്ളത്.
നദി ലിംപിയാധുരയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് നേപ്പാൾ അവകാശപ്പെടുന്നു. ഇതുപ്രകാരം കാലാപാനിയും ലിപുലേഖും നേപ്പാളിന്റെ ഭാഗമാണ്. എന്നാൽ നദിയുടെ ഉറവിടം കാലാപാനിക്ക് അടുത്താണെന്ന് ഇന്ത്യ വാദിക്കുന്നു. ചരിത്രരേഖകൾ, ഭൂമി സർവേകൾ, ദശകങ്ങളായുള്ള ഭരണപരമായ നിയന്ത്രണം എന്നിവ ഇതിന് തെളിവായി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ഹിമാലയൻ മേഖലയിൽ ഇന്ത്യ-നേപ്പാൾ-ചൈന അതിർത്തികൾ സംഗമിക്കുന്ന (Tri-junction) ഏകദേശം 370 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശത്തെ ചൊല്ലിയാണ് മറ്റൊരു പ്രധാന തർക്കം നിലനിൽക്കുന്നത്. ഇതിൽ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവ ഉൾപ്പെടുന്നു. ചൈന അതിർത്തിക്ക് സമീപമായതിനാലും, കൈലാസ മാനസസരോവർ തീർത്ഥാടനത്തിനും വ്യാപാരത്തിനുമുള്ള പ്രധാന പാതയായതിനാലും ലിപുലേഖ് ചുരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
2020-ൽ ലിപുലേഖ് ചുരത്തിലേക്കുള്ള റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തത് നേപ്പാളിന്റെ പ്രതിഷേധത്തിന് കാരണമായി. ഇതിനു പിന്നാലെ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിൽ നേപ്പാൾ തങ്ങളുടെ ഔദ്യോഗിക ഭൂപടം പരിഷ്‌കരിക്കുകയും തർക്കപ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ, ബലേൻ ഷാ കാഠ്മണ്ഡു മേയറായിരുന്നപ്പോൾ തന്റെ ഓഫീസിൽ 'ഗ്രേറ്റർ നേപ്പാൾ' ഭൂപടം സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ പ്രദർശിപ്പിച്ച 'അഖണ്ഡ ഭാരതം' ഭൂപടത്തോടുള്ള മറുപടിയെന്നോണമാണ് ബലേൻ ഷാ തന്റെ ഓഫീസിൽ ഈ ഭൂപടം പ്രദർശിപ്പിച്ചിരുന്നത്. ഇത് വലിയ തോതിലുള്ള നയതന്ത്ര ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
മുൻ റാപ്പറും എഞ്ചിനീയറുമായിരുന്ന ബലേൻ ഷാ, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. രാജ്യത്തുണ്ടായ വലിയ പ്രതിഷേധങ്ങളുടെ തരംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. പ്രതിഷേധങ്ങളിലൂടെ അധികാരത്തിലെത്തിയ അദ്ദേഹം ഇപ്പോൾ സ്വന്തം പ്രസ്താവനയുടെ പേരിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്.
Content Highlights: PM Balen Shah sparks political turmoil with remarks on India-Nepal border disputes. Opposition parties and student groups demand resignation over alleged anti-national statements. Indian MEA reiterates that border issues are strictly bilateral and non-negotiable. The controversy revives historical tensions over Kalapani, Lipulekh, and Limpiyadhura. Shah advocates for third-party expert involvement, contrasting with India's established diplomatic stance.
Published: 02 Jun 2026, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented