കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രക്ഷാപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിൽ നിരവധി ദൃശ്യങ്ങളാണ് നേപ്പാളിൽ നിന്ന് പ്രചരിക്കുന്നത്. ഇതിൽ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ആകാശ ദൃശ്യങ്ങൾ ദുരന്തത്തിന്റെ വ്യാപ്തിയും ഭീകരതയും വെളിപ്പെടുത്തുന്നുണ്ട്. ഒരു ഗ്രാമം മുഴുവനും വെള്ളത്തിനടിയിലാവുകയും ചെളിയവശിഷ്ടങ്ങൾ കൊണ്ട് മൂടിയനിലയിലുമാണ്.

To advertise here,

പ്രളയത്തിന്റെ ശക്തിയിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്ന് ഒലിച്ചുപോയി. പല കെട്ടിടങ്ങളും മണ്ണും ചെളിയും മൂടിയ അവസ്ഥയിലാണ്. ഹെലികോപ്റ്ററിൽ നിന്നും ഡ്രോണുകളിൽ നിന്നും പകർത്തിയ ദൃശ്യങ്ങളിൽ റോഡുകളും പാലങ്ങളും തകർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടനിലയിലാണ് കാണപ്പെടുന്നത്. പലയിടങ്ങളിലും റോഡുകളുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ പോലും അവശേഷിക്കുന്നതായി ദൃശ്യങ്ങളിൽ കാണിക്കുന്നില്ല.

അപ്രതീക്ഷിതമായെത്തിയ മിന്നൽപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾ സുരക്ഷിത താവളങ്ങളിലേക്ക് മാറിയിട്ടുണ്ട്. കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. സുരക്ഷാ സേനയും നേപ്പാൾ സൈന്യവും ചേർന്നാണ് ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. എന്നാൽ റോഡുകൾ തകർന്നതും കാലാവസ്ഥ പ്രതികൂലമായതും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 165 പേർ മരിച്ചതായാണ് സ്ഥിരീകരണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.