കാഠ്മണ്ഡു: ആർത്തലച്ചെത്തിയ പ്രളയത്തിന് മുമ്പിൽ പകച്ചു നിന്ന നിമിഷം. ജോലിയ്ക്കായി കൂടെ വന്ന സുഹൃത്തുക്കൾ 'വേഗം രക്ഷപ്പെടൂ' എന്നും വിളിച്ചു പറഞ്ഞു ആദ്യമേ പോയി. ഇനിയെന്തെന്നറിയാതെ പകച്ചു നിന്ന 24-കാരനായ ബിബേക് കുമാലിന് തുണയായത് ഒരു മാവായിരുന്നു. നേപ്പാളിലെ പ്രളയത്തിൽ മരണമുഖത്ത് നിന്ന് രക്ഷപ്പെട്ട ബിബേകിന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.

To advertise here,

ചുറ്റുമുള്ളവരെല്ലാം ഒഴുകിപ്പോയി. മുമ്പിലുണ്ടായിരുന്ന കെട്ടിടങ്ങളും വീടുകളും ഇല്ലാതായത് നിമിഷനേരം കൊണ്ടാണെന്ന് ബിബേക് ഞെട്ടലോടെ ഓർക്കുന്നു.

ബിദൂറിൽ ഒരു പുതിയ വീടിന് സമീപം ശൗചാലയത്തിനായി കുഴിയെടുക്കുകയായിരുന്നു നേപ്പാളി തൊഴിലാളിയായ ബിബേക് കുമാൽ. ചൈനയിലെ ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള നേപ്പാളിലെ ഹിമാലയൻ ജില്ലയായ റസുവയ്ക്ക് താഴെയുള്ള പ്രദേശമാണിത്. പെട്ടെന്നാണ് വൻ ശബ്ദത്തോടെ വെള്ളവും ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയത്.

അഞ്ചടി ആഴമുള്ള കുഴിയുടെ മുകളിൽ നിൽക്കുകയായിരുന്ന ബിബേകിന്റെ നാല് സഹപ്രവർത്തകർ, ഭീകരമായ ശബ്ദം കേട്ട് കുഴിയിൽ നിന്ന് വേഗം പുറത്തുകടന്ന് ഓടാൻ അലറിവിളിച്ചു പറഞ്ഞു. എന്നാൽ ബിബേക് കുഴിയിൽ നിന്ന് പുറത്തുകടക്കുമ്പോഴേക്കും സഹപ്രവർത്തകർ അവിടെനിന്നും ഓടിരക്ഷപ്പെട്ടിരുന്നു.

"ഞാൻ ജീവനുംകൊണ്ട് ഓടാൻ തുടങ്ങി. പെട്ടെന്ന് ഒരു ഭൂകമ്പം ഉണ്ടാകുന്നതുപോലെ വൻ ജലപ്രവാഹം ഇരച്ചെത്തി," കാഠ്മണ്ഡുവിലെ നാഷണൽ ട്രോമ സെന്ററിലെ കിടക്കയിൽ സഹോദരൻ ദിനേശിനൊപ്പമിരുന്ന് ബിബേക് കുമാൽ ഓർത്തെടുത്തു.

വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് അവനെ ചെളിക്കും അവശിഷ്ടങ്ങൾക്കുമൊപ്പം താഴേക്ക് ഒഴുക്കിക്കൊണ്ടുപോയി. "ഭാഗ്യവശാൽ ഞാൻ ഒരു മാവിൽ ഉടക്കിപ്പിടിച്ചു കിടന്നു," അവൻ പറഞ്ഞു. "ആ മാവ് അവിടെയില്ലായിരുന്നെങ്കിൽ, പ്രളയത്തിൽപ്പെട്ട് ഞാൻ മരിച്ചേനെ."

മാവിൻ കൊമ്പിൽ തൂങ്ങിക്കിടക്കുമ്പോൾ, താൻ ജോലി ചെയ്തുകൊണ്ടിരുന്ന വീട് പ്രളയത്തിൽ ഒലിച്ചുപോകുന്നത് വിവേക് നേരിട്ട് കണ്ടു. പിന്നീട് പോലീസുകാർ സ്ഥലത്തെത്തിയാണ് അവനെ സുരക്ഷിതമായി പുറത്തെടുത്തത്. വെള്ളപ്പാച്ചിലിലും വലിയൊരു കല്ല് വന്ന് ഇടിച്ചതിന്റെ ആഘാതത്തിലും ബിബേക് കുമാലിന്റെ വലതുകാലിന് പരിക്കേറ്റിട്ടുണ്ട്.

പ്രളയത്തെത്തുടർന്ന് റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 160ലേറെ പേർ മരിച്ചതായാണ് വിവരം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.

844 പേരെ കാണാതായതായിട്ടുണ്ട്. 403 വിനോദ സഞ്ചാരികളെ കാണാനില്ലെന്നാണ് േനപ്പാൾ ടൂറിസംവകുപ്പ് വ്യക്തമാക്കുന്നത്. 341 പേർ വിദേശികളാണ്. കാണാതായവരിൽ 142 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടൺ, മലേഷ്യ, നെതർലാൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളേയും കാണാതായിട്ടുണ്ട്.

ചെളിക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരേയും മൃതദേഹങ്ങളേയും കണ്ടെത്താനുള്ള തീവ്രശ്രമവുമായി രക്ഷാപ്രവർത്തകർ പോകുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഉറപ്പുനൽകിയിട്ടുണ്ട്.