കാഠ്മണ്ഡു: നേപ്പാൾ പ്രളയത്തിൽപ്പെട്ട് കുറഞ്ഞത് 157 പേർ മരണപ്പെടുകയും ഇന്ത്യക്കാർ ഉൾപ്പെടെ 750-ലധികം ആളുകളെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെ 8:37-ന് ടിബറ്റ് മേഖലയിലുണ്ടായ ഭൂകമ്പമാണ് പ്രളയത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ ജനപ്രതിനിധി സഭയെ അറിയിച്ചു. ഭൂചലനത്തിന് വെറും മൂന്ന് മിനിറ്റുകൾക്ക് ശേഷമാണ് പ്രളയമുണ്ടായത് എന്നതിനാൽ ഇത് ഒരു ഹിമപാതം മൂലമാകാം ദുരന്തമുണ്ടാക്കിയതെന്ന നിഗമനത്തിലാണ് അധികൃതർ.
ഭോട്ടെ കോശി നദിയിലൂടെ കുതിച്ചൊഴുകിയ പ്രളയജലം അതിർത്തി ജില്ലകളായ റസുവയെയും ധാഡിങിനെയും ആണ് പ്രധാനമായും ബാധിച്ചത്. ചൈന-ടിബറ്റ് അതിർത്തിയിലുണ്ടായ മണ്ണിടിച്ചിലും ലഹെണ്ഡ നദിയിലെ ജലനിരപ്പ് ഉയർന്നതും കാരണം റസുവയിലെ തിമൂരെയിൽ വെച്ച് ഭോട്ടെ കോശി വഴി വെള്ളം തൃശൂലി നദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു എന്ന് പ്രകൃതിദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിമൂരെ, സ്യാഫ്രു ബേസി എന്നീ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ചൈനീസ് അതിർത്തിയായ ഗൈരോങ്ങിന് സമീപം വൻ മണ്ണിടിച്ചിലുണ്ടായതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വലിയ രീതിയിലുള്ള ചെളിയും വെള്ളവും വന്ന് കെട്ടിടങ്ങളും വാഹനങ്ങളും തകർക്കുന്നതും ആളുകൾ ജീവരക്ഷാർത്ഥം ഓടുന്നതും ചൈനീസ് അതിർത്തിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പ്രളയം കാഠ്മണ്ഡുവിൽ നിന്നും 70 മുതൽ 200 കിലോമീറ്റർ വരെ അകലെയുള്ള നുവാകോട്ട്, ചിത്വാൻ, ഗോർഖ, തനാഹു, നവൽപരാസി ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.
പ്രളയത്തിന്റെ അതിശക്തമായ ഒഴുക്കിൽ ജനവാസ മേഖലകളിലേക്ക് വെള്ളവും ചെളിയും കല്ലുകളും കുത്തിയൊലിച്ചു വരുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റസുവയിൽ നാല് നില കെട്ടിടം പ്രളയത്തിൽ ഒലിച്ചുപോകുന്നതും ഒരു കാർ വെള്ളത്തിൽ ഒഴുകിനടക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. പ്രളയക്കെടുതിയിൽ നേപ്പാളിൽ നിന്ന് മാത്രം 95 മൃതദേഹങ്ങൾ കണ്ടെടുത്തതായും 500-ഓളം പേരെ കാണാതായതായും നേപ്പാൾ സർക്കാർ വ്യക്തമാക്കി. ചൈനയുടെ അതിർത്തി പ്രദേശത്ത് മൂന്നുപേർ മരണപ്പെട്ടതായും 265 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. നദികളിലെ ശക്തമായ ഒഴുക്കിൽ പാലങ്ങൾ തകരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കാണാതായവരിൽ 133 ഇന്ത്യൻ പൗരന്മാരും 37 പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. കാണാതായ ഇന്ത്യക്കാരിൽ കൂടുതലും കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോയവരാണ്. സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷനിലെ അംഗങ്ങളായ 77 പേർ ഇമിഗ്രേഷൻ ഓഫീസിലുണ്ടായിരുന്നുവെന്നും അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫൗണ്ടേഷൻ അറിയിച്ചു. ഇവിടുത്തെ ജീവനക്കാരെക്കുറിച്ചും യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കി. കാണാതായവരിൽ 37 പേർ തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശികളാണ്.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും ഇതുവരെ നൂറോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പരിക്കേറ്റ മുപ്പതോളം പേർ കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. അതേസമയം, പ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നത് അതിർത്തി പങ്കിടുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലെയും നദീതട പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പ്രളയത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ബിഹാറിലെ പശ്ചിമ ചമ്പാരൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇൻഡോ-നേപ്പാൾ അതിർത്തിയിലൂടെയും ഗണ്ഡക് നദിയുടെ തീരങ്ങളിലൂടെയും ഉള്ള ഗ്രാമങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കാൻ വെസ്റ്റ് ചമ്പാരൻ ജില്ലാ മജിസ്ട്രേറ്റ് തരൺജോത് സിങ് നിർദ്ദേശം നൽകി. സ്ഥിതി നേരിടാൻ പശ്ചിമ ചമ്പാരൻ, മുസാഫർപുർ തുടങ്ങിയ ഇടങ്ങളിലായി ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെ ബിഹാറിൽ വിന്യസിച്ചു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിർത്തി ജില്ലകളായ മഹാരാജ്ഗഞ്ച്, കുശിനഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.
Content Highlights: Nepal flood triggers massive devastation with 157 deaths and 750+ missing, including Indian pilgrims.
Published: 27 Aug 2026, 12:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented