
കാഠ്മണ്ഡു: ചൈന-നേപ്പാൾ അതിർത്തിയിൽ വലിയ നാശനഷ്ടം വിതച്ച പ്രളയത്തിന് കാരണമായ ഹിമപാതത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരിയുടെ ക്യാമറയിൽ യാദൃശ്ചികമായി പതിഞ്ഞു. ചൈനയിലെ ഷീസാങ് സ്വയംഭരണ പ്രദേശത്തുള്ള ഗിറോങ് കൗണ്ടിയിലെ മലനിരകളുടെ ദൃശ്യങ്ങൾ പകർത്തിയ വിനോദസഞ്ചാരിയുടെ മൊബൈൽ ക്യാമറയിലാണ് ദുരന്തത്തിന്റെ ദൃശ്യങ്ങൾ അവിചാരിതമായി പതിഞ്ഞത്. അതിർത്തി മേഖലയായ ഗിറോങ് പോർട്ടിനെ തകർത്ത പ്രളയത്തിന് വഴിവെച്ചത് നേപ്പാൾ ഭാഗത്തുണ്ടായ ഈ വൻ ഹിമപാതമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞരും സ്ഥിരീകരിച്ചു.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൻ ഹസാർഡ്സ് ആൻഡ് എൻവയോൺമെന്റ് ഡയറക്ടർ കാങ് ഷിചാങ് ആണ് ഈ ദൃശ്യങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായി ശാസ്ത്രജ്ഞർ നേരത്തെ അടയാളപ്പെടുത്തിയ അതേമേഖല തന്നെയാണ് വിനോദസഞ്ചാരി പകർത്തിയ വീഡിയോയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. നേപ്പാൾ അതിർത്തിയിലുണ്ടായ കനത്ത ഹിമപാതമാണ് ചൈനയിലെ ഗിറോങ് പോർട്ടിലേക്ക് ദുരന്തം വിതച്ച തുടർച്ചയായ സംഭവവികാസങ്ങൾക്ക് കാരണമായതെന്ന് വാർത്താ ഏജൻസിയായ ഷിൻഹുവയും റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 26-നാണ് ദുരന്തം സംഭവിച്ചത്. നേപ്പാളിലെ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 5,140 മീറ്റർ ഉയരത്തിലുള്ള പ്രദേശത്താണ് കനത്ത തകർച്ചയുണ്ടായത്. ഏതാണ്ട് 6,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വലിയൊരു മേഖലയാണ് ഇടിഞ്ഞു വീണത്. വൻതോതിൽ ഇടിഞ്ഞിറങ്ങിയ മഞ്ഞും പാറകളും മണ്ണും താഴ്വരകളിലൂടെ കുത്തിയൊലിച്ച് അതിശക്തമായ ചെളിപ്രവാഹമായി മാറി. ഏതാണ്ട് 20 കിലോമീറ്ററോളം ദൂരമാണ് ഈ പ്രവാഹം താണ്ടിയത്. വെറും ഏഴ് മിനിറ്റുകൾ കൊണ്ട് 3,300 മീറ്ററോളം താഴ്ചയിലേക്ക് ഈ അവശിഷ്ടങ്ങൾ കുതിച്ചെത്തി ഗിറോങ് പോർട്ട് പ്രദേശത്ത് വൻ നാശം വിതച്ചു.
Published: 29 Aug 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented