
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ (പി.ഒ.കെ.) ഭരണനേതൃത്വത്തിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് അശാന്തി തുടരുന്ന പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാനാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നത്. പി.ഒ.കെ തലസ്ഥാനമായ മുസഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നവാസ് ഷെരീഫ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്.
കശ്മീർ തന്റെ ‘രണ്ടാമത്തെ വീട്’ ആണെന്നും തന്റെ പൂർവികർ അവിടെനിന്ന് കുടിയേറിയവരാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) വിജയിച്ചാൽ, തന്നെ പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാക്കാൻ സഹോദരനും നിലവിലെ പാക് പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂലായ് 27-നും ആഗസ്റ്റ് 10-നും ഇടയിലാണ് പാക് അധീന കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെഡറൽ സർക്കാരിലെ സഖ്യകക്ഷിയായ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്കെതിരെയാണ് (പി.പി.പി) ഷെരീഫിന്റെ പാർട്ടി ഇവിടെ മത്സരിക്കുന്നത്. പാകിസ്താൻ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധങ്ങൾ പ്രദേശത്ത് നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ്.
അതിരൂക്ഷമായ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾക്കും സൈനിക നടപടികൾക്കും പി.ഒ.കെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. മുസഫറാബാദ്, റാവലാകോട്ട്, മിർപുർ തുടങ്ങിയ നഗരങ്ങളിൽ അശാന്തി പടർന്നിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.കെ.ജെ.എ.എൻ.) നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഇതുവരെ 30 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിന് നൽകിയ സമയപരിധി അവസാനിച്ചതോടെ മുസഫറാബാദിലേക്ക് വീണ്ടും ലോങ് മാർച്ച് നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Published: 23 Jul 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented