വാഷിങ്ടണ്‍: ഉന്നതശ്രേണിയിലുള്ള ഹമാസ് നേതാക്കളെ വധിക്കുന്നതിനായി ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് താല്‍പര്യമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഖത്തറില്‍ ആക്രമണം നടത്താന്‍ ഏജന്‍സി വിസമ്മതിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ മണ്ണില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ അപലപിക്കുന്നതിനടയിലാണ് പുതിയ വിവരം പുറത്തുവരുന്നത്.
ആക്രമണത്തെ രാഷ്ട്ര ഭീകരവാദം എന്നും മധ്യസ്ഥ ശ്രമങ്ങളെ വഞ്ചിക്കുന്ന നടപടിയാണെന്നുമാണ് ഖത്തർ പരസ്യമായി വിശേഷിപ്പിച്ചത്. ഗാസയില്‍നിന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഖത്തറില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സമയത്ത് ആക്രണം നടത്തിയ ഇസ്രയേലിന്റെ തീരുമാനമാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.
ഖത്തറില്‍വെച്ച് ഹമാസ് നേതാക്കളെ വധിക്കുന്നതിനെ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് എതിര്‍ത്തിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിഷയത്തെക്കുറിച്ച് കൃത്യമായ അറിവുള്ള, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഇസ്രയേലികളാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റുമായി പങ്കുവെച്ചത്. ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ വധിക്കുന്നതിനായി ഏജന്റുമാരെ അയയ്ക്കാനായിരുന്നു ഇസ്രയേലിന്റെ തീരുമാനം.
കഴിഞ്ഞ ആഴ്ചകളില്‍ തയ്യാറാക്കിയ ഈ പദ്ധതി പക്ഷേ, മൊസാദ് നിരസിക്കുകയായിരുന്നു എന്നാണ് രഹസ്യവിവരം കൈമാറിയവര്‍ പറയുന്നത്. താനും തന്റെ ഏജന്‍സിയും ഖത്തറുമായി വളര്‍ത്തിയെടുത്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍നിയ ഇത്തരമൊരു നീക്കത്തെ എതിര്‍ത്തത്. അദ്ദേഹത്തെ കൂടാതെ, ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി എന്നിവരും പദ്ധതിയെ എതിര്‍ത്തിരുന്നു എന്നാണ് വിവരം.
അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ട ആക്രമണത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും മന്ത്രി റോണ്‍ ഡെര്‍മറും പിന്തുണച്ചു. ഖത്തറിലെ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച നടന്ന യോഗത്തിലേക്ക് ബന്ദി മോചന ചര്‍ച്ചകളുടെ ചുമതലയുള്ള മുതിര്‍ന്ന ഐഡിഎഫ് ഉദ്യോഗസ്ഥനായ നിറ്റ്‌സാന്‍ അലോണിനെ ക്ഷണിച്ചിരുന്നില്ല. ബന്ദികളുടെ ജീവന് ഭീഷണിയാകുന്ന ഒരു ആക്രമണത്തെ അദ്ദേഹം അനുകൂലിക്കില്ലെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നു.
'ഹമാസുമായുള്ള ചര്‍ച്ചകളില്‍ ഖത്തറിനെ ഒരു പ്രധാന ഇടനിലക്കാരനായി മൊസാദ് ഏജന്‍സി കണ്ടിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ മൊസാദ് അത് നേരിട്ട് ചെയ്യാന്‍ തയ്യാറായിരുന്നില്ല.' ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഒന്നോ രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക് അവരെ പിടികൂടാന്‍ കഴിയും, അത് എങ്ങനെ ചെയ്യണമെന്ന് മൊസാദിന് അറിയാം. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇത് ചെയ്യുന്നത് എന്നായിരുന്നു മൊസാദ് തലവന്റെ ചോദ്യം.' ചാരസംഘടനയുടെ ഈ വിസമ്മതത്തെക്കുറിച്ച് അറിയാവുന്ന മറ്റൊരാള്‍ പറഞ്ഞു.
പ്രതിരോധ രംഗത്തുള്ള ഭൂരിഭാഗം പേരും ആക്രമണം മാറ്റിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. 'മൊസാദിന്റെയും പ്രതിരോധ രംഗത്തെ ഉദ്യോഗസ്ഥരുടെയും നിലപാട് വ്യക്തമായിരുന്നു. ബന്ദികളെ തിരികെ നല്‍കാനുള്ള ഒരു കരാര്‍ മുന്നിലുണ്ട്, അതിനാല്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. ബന്ദികള്‍ക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇങ്ങനെയൊരു നീക്കം ഈ സമയത്ത് ആ സാധ്യതയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാവര്‍ക്കും അറിയാമായിരുന്നു.' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആക്രമണത്തില്‍നിന്ന് മൊസാദ് വിട്ടുനിന്നതോടെയാണ് മറ്റൊരു മാര്‍ഗം സ്വീകരിക്കേണ്ടി വന്നത്. ചൊവ്വാഴ്ച ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട് 15 യുദ്ധവിമാനങ്ങളില്‍നിന്ന് 10 മിസൈലുകളാണ് വിക്ഷേപിച്ചത്. ഷിന്‍ ബെറ്റ് സുരക്ഷാ സേനയുമായി ചേര്‍ന്നാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആക്രമണം പ്രധാനമായും ലക്ഷ്യംവെച്ച ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള ഹമാസിന്റെ മുതിര്‍ന്ന നേതാക്കന്മാരെ വധിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെട്ടു.
ആക്രമണത്തിൽ അൽ ഹയ്യയുടെ മകനും അംഗരക്ഷകരും ഒരു ഖത്തർ സുരക്ഷാസേന ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.
Content Highlights: mossad was not on board with israel air strike on hamas in qatar new reports world news
Published: 13 Sept 2025, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented