ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിന് യാതൊരു വിലയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. അമേരിക്കയും ഇറാനും തമ്മിൽ ഒപ്പിട്ട ധാരണാപത്രം ലംഘിച്ച പശ്ചാത്തലത്തിലാണ് മൊജ്തബ ഖമേനിയുടെ പ്രതികരണം. ഇറാനുമായുള്ള കരാർ അമേരിക്ക നിരന്തരം ലംഘിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ ട്രംപിന്റെ ഒപ്പ് വിലയില്ലാത്തതും വിശ്വസിക്കാൻ പറ്റാത്തതുമായിരിക്കുന്നുവെന്ന് മൊജ്തബ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ തകർന്നതോടെ ഹോർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാന മേഖലകളിൽ സംഘർഷം കടുത്തിരിക്കുകയാണ്. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ അമേരിക്കയ്ക്ക് 'ഒരിക്കലും മറക്കാൻ പറ്റാത്ത' പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുജ്തബ മുന്നറിയിപ്പ് നൽകി. വാഷിങ്ടൺ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഏകദേശം ഒരുമാസം മുൻപാണ് വെടിനിർത്തൽ ധാരണയുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിൽ കരാറിലേർപ്പെട്ടത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ പ്രസ്താവന സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് പുറത്തുവിട്ടത്. മൊജ്തബ ഖമേനി നേരിട്ട് പ്രത്യക്ഷപ്പെടുന്നതിന് പകരം അദ്ദേഹത്തിന്റെ പ്രസ്താവന സ്റ്റേറ്റ് ടെലിവിഷനിലൂടെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. യുദ്ധം ആരംഭിച്ചത് മുതൽ അദ്ദേഹം പൊതുവേദികളിൽ നിന്ന് മാറിനിൽക്കുകയാണ്. നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
കൊല്ലപ്പെട്ട മുൻ നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ ജനങ്ങൾ വൻതോതിൽ പങ്കെടുത്തതിനെയും അദ്ദേഹം പ്രശംസിച്ചു. അത് ഇറാന്റെ ഇസ്ലാമിക സ്വത്വത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും അടയാളമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അമേരിക്കയുടെ ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ നിരവധി സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഗോള വിപണിയെയും ജനജീവിതത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാളെ കാണാതായെന്നും യുഎസ് സൈന്യം അറിയിച്ചു.
Content Highlights: Mojtaba Khamenei declares US-Iran ceasefire agreement void, Criticism of Donald Trump's signature as unreliable and worthless, Threat of 'unforgettable consequences' for attacks on civilian infrastructure, First public address by Mojtaba Khamenei since the war began, Escalation of military tensions in the Strait of Hormuz
Published: 19 Jul 2026, 10:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented