ടെഹ്‌റാൻ: ആണവ-മിസൈൽ ശേഷി ഇറാന്റെ ദേശീയ സ്വത്താണെന്നും അത് തങ്ങൾ സൂക്ഷ്മമായി സംരക്ഷിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് മറുപടിയായിട്ടാണ് മുജ്തബ ഖമനേയിയുടെ പ്രസ്താവന.
'രാജ്യത്തിനകത്തും പുറത്തമുള്ള ഇറാനികൾ രാജ്യത്തിന്റെ ആണവ-മിസൈൽ കഴിവുകളെ തങ്ങളുടെ ദേശീയ സ്വത്തായി കാണുന്നു, വെള്ളം, ഭൂമി, വായു അതിർത്തികൾ എന്നിവപോലെ തന്നെ ആ കഴിവുകളേയും സംരക്ഷിക്കും' ഖമനേയി പറഞ്ഞു. പേർഷ്യൻ ഉൾക്കടൽ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പുറത്തിറക്കിയ സന്ദേശത്തിലാണ് ഖമനേയിയുടെ പ്രസ്താവന.
പേർഷ്യൻ ഉൾക്കടലിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും ഈ ജലപാത ശത്രുക്കൾ ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് കൂട്ടിച്ചേർത്തു. മേഖലയിലെ മുസ്ലിം രാഷ്ട്രങ്ങൾക്കും, പ്രത്യേകിച്ച് ഇറാനിയൻ ജനതയ്ക്കും ദൈവത്തിന്റെ അമൂല്യമായ അനുഗ്രഹങ്ങളിൽ ഒന്നാണ് 'പേർഷ്യൻ ഉൾക്കടൽ' എന്ന സമ്മാനമെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഹോർമുസ് അടങ്ങുന്ന ഈ തന്ത്രപരമായ സ്വത്ത് കഴിഞ്ഞ നൂറ്റാണ്ടുകളിൽ പല ദുഷ്ടശക്തികളും നോട്ടമിട്ടിട്ടുണ്ട്. ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സമീപകാല ആക്രമണങ്ങളെന്നും ഖമനേയി പ്രസ്താവനയിൽ കുറിച്ചു.
'പേർഷ്യൻ ഉൾക്കടൽ മേഖലയിൽനിന്ന് അഹങ്കാരികളായ ശക്തികളുടെ കൈകൾ വെട്ടിമാറ്റുകയുണ്ടായി. അമേരിക്കയുടെ നാണംകെട്ട പരാജയത്തിന് രണ്ട് മാസങ്ങൾ പിന്നിടുമ്പോൾ, പേർഷ്യൻ ഉൾക്കടലിനും ഹോർമുസ് കടലിടുക്കിനും ഒരു പുതിയ അധ്യായം തുറക്കുകയാണ്.' ഖമനേയി പറഞ്ഞു.
അമേരിക്കൻ സേനയുടെ സാന്നിധ്യവും പേർഷ്യൻ ഗൾഫ് പ്രദേശങ്ങളിലെ അവരുടെ വേരോട്ടവുമാണ് ഇന്നത്തെ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണം. ഇത് മേഖലയിലെ രാജ്യങ്ങൾക്കും രാജാക്കന്മാർക്കും ഭരണാധികാരികൾക്കും വ്യക്തമായിരിക്കുന്നു. ദുർബലമായ യുഎസ് താവളങ്ങൾക്ക് അവരുടെ സുരക്ഷപോലും ഉറപ്പാക്കാനുള്ള കഴിവില്ല. എന്നിട്ടല്ലേ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുക.
പേർഷ്യൻ ഉൾക്കടൽ മേഖലയുടെ തിളക്കമാർന്ന ഭാവി അമേരിക്ക ഇല്ലാത്ത ഒന്നായിരിക്കും. അത് അവിടത്തെ ജനതയുടെ പുരോഗതിക്കും സുഖത്തിനും സമൃദ്ധിക്കും സമർപ്പിക്കപ്പെട്ടതായിരിക്കും. അത്യാഗ്രഹ ഉദ്ദേശ്യങ്ങളോടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരെനിന്ന് വരുന്ന പുറത്തുനിന്നുള്ളവർക്ക് ഇവിടെ സ്ഥാനമില്ല
ഹോർമുസ് കടലിടുക്കിന്റെ പുതിയ നിയമപരമായ ചട്ടക്കൂടുകളും മാനേജ്മെന്റും മേഖലയിലെ എല്ലാ ജനതയ്ക്കും ആശ്വാസവും പുരോഗതിയും കൊണ്ടുവരും, അതിന്റെ സാമ്പത്തിക നേട്ടങ്ങൾ ജനങ്ങൾക്ക് സന്തോഷം നൽകുമെന്നും പറഞ്ഞുകൊണ്ടാണ് മുജ്തബ ഖമനേയി പ്രസ്താവന അവസാനിപ്പിക്കുന്നത്.
Published: 30 Apr 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented