ഗാസ: ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. 

To advertise here,

ഇക്കഴിഞ്ഞ മേയ് 14-ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. എന്നാല്‍, ഇയാള്‍ മരിച്ചുവോ ഇല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന (ഐഡിഎഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയുടെ താഴെ പ്രത്യേകം നിര്‍മിച്ച ഭൂഗര്‍ഭനിലയത്തിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ അടക്കമുള്ളവരുടെ താവളമെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. അതി സങ്കീര്‍ണമായ തുരങ്കപാതകൾ പിന്നിട്ടാലാണ് കേന്ദ്രത്തിലേക്കെത്തുക.  ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു. സാധാരണക്കാർക്ക്  അകടമുണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിച്ച്  അതിസൂക്ഷ്മമായി ഭീകരരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇസ്രയേല്‍ സെക്യൂരിറ്റി അതോറിറ്റി, ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ഇസ്രയേല്‍ എയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമായാണ്  മുഹമ്മദ് സിന്‍വാര്‍ മറ്റൊരു നേതാവായ മുഹമ്മദ് സബാനെഹ് എന്നിവരുള്‍പ്പെടെയുള്ളവരെ വധിക്കാനായത്-ഐഡിഎഫ് പറയുന്നു. 

അതേസമയം തങ്ങള്‍ നടത്തിയ റെയ്ഡ് ആശുപത്രിയുടെപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നും ഐഡിഎഫ് അവകാശപ്പെട്ടു. ഭീകര പ്രവര്‍ത്തനത്തിനായി ആശുപത്രി ഉപയോഗിച്ചതിലൂടെ സാധാരണക്കാരെ നിന്ദ്യമായും ക്രൂരമായും ഹമാസ് ചൂഷണം ചെയ്യുകയാണെന്നും ഐഡിഎഫ് പ്രതികരിച്ചു. 

കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ ഇളയസഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് ഹമാസ് പിന്‍ഗാമിയായി യഹിയയെ അവരോധിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 ന് നടന്ന ഏറ്റുമുട്ടലിലാണ്  യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്.

യഹിയ സിന്‍വാറിന്റെ അവസാന നിമിഷത്തിന്റെ  ഡ്രോണ്‍ വീഡിയോ ഐഡിഎഫ് പുറത്തുവിട്ടിരുന്നു. തകര്‍ന്ന ഒരു അപാര്‍ട്ട്‌മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ യഹിയ ഇരിക്കുന്നതും കണ്ണ് മാത്രം കാണുന്ന രീതിയില്‍ മുഖവും തലയും തുണികൊണ്ട് മറച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കെട്ടിടത്തിന്റെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ കൈയിലിരുന്ന വടി അതിനുനേരെ എറിയുന്നതും വീഡിയോയിലുണ്ടായിരുന്നു. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് സ്ഥിരീകരിച്ചത്. സഹോദരന്റെ മരണത്തിന് ശേഷം മുഹമ്മദ് സിന്‍വാര്‍ നേതൃത്വത്തിലേക്കെത്തുകയായിരുന്നു.