അക്ര: ഇന്ത്യയില്‍ 2,500 ലധികം രാഷ്ട്രീയപാര്‍ട്ടികളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഘാനയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം ഘാന പാര്‍ലമെന്റ് ചേംബറില്‍ അമ്പരപ്പുയര്‍ത്തി. ഇതോടെ ചിരിയോടെ മോദി ഇക്കാര്യം ആവര്‍ത്തിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

To advertise here,

"യഥാര്‍ഥ ജനാധിപത്യം ചര്‍ച്ചയും സംവാദവും പ്രോത്സാഹിപ്പിക്കുന്നു. അത് ജനങ്ങളെ ഏകോപിപ്പിക്കുന്നു. അത് അന്തസ്സിനെ പിന്തുണയ്ക്കുന്നു, മനുഷ്യവകാശങ്ങളെ അനുകൂലിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു. "ഞങ്ങള്‍ക്ക് ജനാധിപത്യമെന്നത് വെറുമൊരു സംവിധാനം മാത്രമല്ല, ഞങ്ങളുടെ അടിസ്ഥാനമൂല്യങ്ങളുടെ ഭാഗമാണ്", ആദ്യം ഹിന്ദിയിലും പിന്നീട് ഇംഗ്ലീഷിലും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്നത് വിപുലമായ നാനാത്വമാണെന്നും മോദി പറഞ്ഞു. 

ഇന്ത്യയില്‍ 22 ഔദ്യോഗികഭാഷകളും ആയിരക്കണക്കിന് ഭാഷാഭേദങ്ങളുണ്ടെന്നും അതിനാലാണ് ഏതുഭാഗത്തുനിന്നെത്തുന്നവരും തുറന്ന മനസ്സോടെ ഇന്ത്യയില്‍ സ്വീകരിക്കപ്പെടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. അക്കാരണത്താലാണ് ലോകത്തിന്റെ ഏതുകോണില്‍ എത്തിപ്പെട്ടാലും ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ ഇടപഴകാനാകുന്നതെന്നും മോദി പറഞ്ഞു. 

മോദിയ്ക്ക് ശേഷം ഘാന പാര്‍ലമെന്റ് സ്പീക്കര്‍ അല്‍ബാന്‍ കിങ്‌സ്‌ഫോര്‍ഡ് സുമന ബാഗ്ബിന്‍ പ്രസംഗിച്ചു. അദ്ദേഹവും 2,500 രാഷ്ട്രീയ പാര്‍ട്ടികളെന്ന പരാമര്‍ശം എടുത്തുപറഞ്ഞതോടെ വീണ്ടും ചിരികളുയര്‍ന്നു. ശേഷം പ്രധാനമന്ത്രി എംപിമാര്‍ക്ക് ഹസ്തദാനം ചെയ്ത് ആശംസകളറിയിച്ചു.