ബെയ്ജിങ്: ഏഴ് വര്‍ഷത്തിനുശേഷം ചൈനീസ് മണ്ണിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചൈന ഒരുക്കിയത് ഉജ്വല വരവേല്‍പ്. വിമാനത്തിന്റെ പടിക്കെട്ടിറങ്ങി വന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ചൈനയുടെ മണ്ണ് പകിട്ടേറിയ ചുവന്ന പരവതാനി വിരിച്ചൊരുങ്ങിയിരുന്നു. ഉന്നത ഉദ്യോഗസ്ഥവൃന്ദം പ്രധാനമന്ത്രിയ്ക്ക് ഊഷ്മളസ്വീകരണമേകി. ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞ നര്‍ത്തകര്‍ ഹാര്‍ദമായ സ്വീകരണത്തിനായി അണിനിരന്നിരുന്നു.

To advertise here,

ടിയാന്‍ജിനിലെ ഇന്ത്യന്‍ സമൂഹമുള്‍പ്പെടെ പ്രധാനമന്ത്രിയുടെ വരവിനായി കാത്തുനിന്നിരുന്നു. ഇന്ത്യന്‍ പതാകയേന്തി കുട്ടികള്‍ മോദിയ്ക്ക് ആഹ്‌ളാദം പകര്‍ന്നു. ഇതിനിടെ ശിശുക്കളോട് സ്‌നേഹസംഭാഷണം നടത്താനും പ്രധാനമന്ത്രി മറന്നില്ല. 

വന്ദേമാതരവും ഭാരത് മാതാ കി ജയും ജയ് മോദിയും  കൊണ്ട് അന്തരീക്ഷം മുഖരിതമായി. ചൈനീസ് കലാകാര്‍ അവതരിപ്പിച്ച ഇന്ത്യന്‍ സംഗീതവും നൃത്തവും മോദിയ്ക്ക് ചൈനയൊരുക്കിയ ഗംഭീര വരവേല്‍പിന് മോടി പകര്‍ന്നു. മോദിയ്ക്ക് സ്വാഗതമരുളി ദീപാലങ്കാരങ്ങളും നിരന്നിരുന്നു. 

വിദൂരനഗരങ്ങളില്‍നിന്ന് മോദി ആരാധകര്‍ ടിയാന്‍ജിനിലേക്ക് ഒഴുകിയെത്തി. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ചൈനീസ് കലാകാരികള്‍ അവതരിപ്പിച്ചു. കുച്ചിപ്പുടിയും ഒഡ്ഡീസിയും കഥക്കും അവതരിപ്പിക്കപ്പെട്ടു. 

ഇന്ത്യന്‍ പ്രധാനമന്ത്രിയെ എതിരേല്‍ക്കാന്‍ തങ്ങളുടെ പ്രകടനം അവതരിപ്പിക്കാനായതിലുള്ള ആഹ്‌ളാദവും അഭിമാനവും കലാകാരികള്‍ പങ്കുവെച്ചു. ഇന്ത്യന്‍ കലകളെ ഏറെ ഇഷ്ടപ്പെടുന്നതിനാലാണ് അവയില്‍ പഠനം നടത്തിയതെന്നും കലാകാരികള്‍ പ്രതികരിച്ചു. 

ഇന്ത്യക്കാരനെ വിവാഹം കഴിച്ച യുവതി കൈക്കുഞ്ഞുമായാണ് മോദിയെ കാണാനെത്തിയത്. ഇന്ത്യയേയും മോദിയേയും താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരിട്ടുകണ്ട സന്തോഷത്തില്‍ തന്റെ കണ്ണുകള്‍ നിറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തിയത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം കസാനില്‍നടന്ന എസ്സിഒ ഉച്ചകോടിക്കിടെ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായും മോദി കൂടിക്കാഴ്ച നടത്തും.