കയ്‌റോ: ഇറാനും യു.എസും അന്യോന്യം ആക്രമണം അവസാനിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസമായി പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകരുന്നു. ബുധനാഴ്ച രാവിലെ ജോർദാനിൽ ഇറാൻ ആക്രമണം നടത്തിയതോടെയാണിത്. അഞ്ചു ഡ്രോണുകൾ ജോർദാൻ സൈന്യം വെടിവെച്ചിട്ടു.

To advertise here,

പശ്ചിമേഷ്യയിലെ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്(സെന്റ്കോം) അറിയിച്ച് മണിക്കൂറുകൾക്കകമാണിത്. ജോർദാനിലെ സെന്റ്കോം ആസ്ഥാനവും മുവാഫഖ് സാൽതി വ്യോമതാവളവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് (ഐ.ആർ.ജി.സി.) പ്രസ്താവനയിൽ അറിയിച്ചു. ഇറാനെ ആക്രമിക്കാൻ സൈന്യം സജ്ജരായിരിക്കുകയാണെന്ന് സെന്റ്‌കോം അറിയിച്ചു. ഇറാഖിലെ ഇറാൻ അനുകൂല സംഘങ്ങളും യു.എസ്. സഖ്യസേനയും തമ്മിൽ പുതിയ പോർമുഖം തുറന്നതിന് സമാന്തരമായാണ് ഈ സംഭവം.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച പരസ്പരം രൂക്ഷ ആക്രമണം നടത്തിയതിനുശേഷം ഇരുകൂട്ടരും മൂന്നുദിവസംമുൻപാണ് സംഘർഷം അവസാനിപ്പിച്ചത്. അതിനിടെ, അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച ഒരു ചരക്കുകപ്പൽ ബുധനാഴ്ച ആക്രമിച്ചെന്നും മൂന്നെണ്ണം തടഞ്ഞെന്നും ഐ.ആർ.ജി.സി. അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ച് ഹോർമുസിലെ ഇറാൻ അംഗീകരിക്കാത്ത പാതയിലൂടെ പോയതിനാലാണ് കപ്പൽ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച യെമെനിലെ ഇറാൻ പിന്തുണയുള്ള ഹൂതിവിമതർ ചെങ്കടലിലൂടെപോയ എൻ.സി.സി. ഘസൽ എന്ന എണ്ണക്കപ്പൽ ആക്രമിച്ചു. ചെങ്കടലിലെ ബാബ് എൽ മാണ്ടേബ് കടലിടുക്കിൽ ഹൂതികൾ സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.