ക്വിറ്റോ: പെണ്‍മക്കളുടെ സംരക്ഷണാവകാശം നേടിയെടുക്കാന്‍ നിയമപരമായി 'ലിംഗവ്യതിയാനം' വരുത്തി നാല്‍പത്തിയേഴുകാരന്‍. എക്വഡോര്‍ സ്വദേശി റെനി സാലിനാസ് റാമോസ് ആണ് ഈ സാഹസത്തിന് മുതിര്‍ന്നത്. 2015-ല്‍ എക്വഡോര്‍ പാസാക്കിയ 'ജെന്‍ഡര്‍ ഐഡന്റിറ്റി നിയമ'ത്തിന്റെ പിന്‍ബലത്തിലാണ് റാമോസ് തന്റെ ലിംഗ സ്വത്വത്തില്‍ നിയമപരമായി മാറ്റം വരുത്തിയത്.
കുട്ടികളുടെ അവകാശം സംബന്ധിച്ച് റാമോസും ഭാര്യയും തമ്മിലുള്ള അവകാശത്തർക്കം നിലനില്‍ക്കുകയാണ്. കുട്ടികളുടെ സംരക്ഷണാവകാശം മാതാവിന് നല്‍കാനാണ് രാജ്യത്ത് നിലവിലുള്ള നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇക്കാരണത്താല്‍ കുട്ടികളുടെ സംരക്ഷണാവകാശം നേടിയെടുക്കാനാണ് ഔദ്യോഗികരേഖകള്‍പ്രകാരം സ്ത്രീയായി മാറാന്‍ തീരുമാനിച്ചതെന്ന് റാമോസ് പറയുന്നു. എന്നാല്‍ താന്‍ ശാരീരികമായി പുരുഷനായിത്തന്നെ തുടരുമെന്നും അദ്ദേഹം പറയുന്നു.
അമ്മയ്ക്ക് നല്‍കാന്‍ കഴിയുന്ന സ്‌നേഹവും സംരക്ഷണവും അച്ഛനായ തനിക്കും തന്റെ കുട്ടികള്‍ക്കായി നല്‍കാനാവുമെന്ന് ബോധ്യപ്പെടുത്താനാണ് താന്‍ ഇക്കാര്യം ചെയ്തതെന്നാണ് റാമോസിന്റെ വിശദീകരണം. അമ്മയ്‌ക്കൊപ്പം കഴിയുന്ന കുട്ടികള്‍ ദുസ്സഹമായ അവസ്ഥയിലാണ് കഴിയുന്നതെന്നും കഴിഞ്ഞ അഞ്ച് മാസമായി തനിക്ക് മക്കളെ കാണാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും റാമോസ് പറഞ്ഞു. ഒരു സ്ത്രീയ്ക്ക് മാത്രമാണ് കുട്ടികളുടെ മേല്‍ അവകാശമെന്നാണ് നിയമം പറയുന്നതെന്നും നിയമപരമായി സ്ത്രീയായി മാറിയ തനിക്കും ആ അവകാശം ലഭിക്കണമെന്നുമാണ് റാമോസിന്റെ വാദം.
ജന്മനാലുള്ള ലിംഗസ്വത്വമനുസരിച്ച് ഔദ്യോഗികരേഖകളില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമായി, ഒരു വ്യക്തിയുടെ സ്വന്തം താത്പര്യപ്രകാരം രേഖകളിലുള്ള ലിംഗനിലയില്‍ മാറ്റംവരുത്താന്‍ പൗരര്‍ക്ക് അനുവാദം നല്‍കുന്നതാണ് എക്വഡോര്‍ പാസ്സാക്കിയ ജെന്‍ഡര്‍ ഐഡന്റിറ്റി നിയമം. ട്രാന്‍സ് വ്യക്തികളെ ഉദ്ദേശിച്ചാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്.
അതുകൊണ്ടുതന്നെ റാമോസിന്റെ പ്രവൃത്തി രാജ്യത്തുടനീളമുള്ള ട്രാന്‍സ് സമൂഹത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. റാമോസിനെതിരെ എക്വഡോറിയന്‍ ഫെഡറേഷന്‍ ഓഫ് എല്‍ജിബിടിഐ സംഘടനകള്‍ കഴിഞ്ഞയാഴ്ച പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് റാമോസിനും മുന്‍ഭാര്യയ്ക്കുമിടയിലെ കേസ് കോടതിയുടെ പരിഗണനയിലാണ്.
Content Highlights: Ecuador Man Changes His Gender To Female, To Fight For Custody Of His Daughters
Published: 08 Jan 2023, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented