ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയായ മഹ്‌രംഗ് ബലൂചിനും ബലൂച് യക്‌ജെഹ്തി കമ്മിറ്റി (ബിവൈസി) നേതാവ് സിബ്ഗത്തുള്ള ഷായ്ക്കും ക്വറ്റയിലെ തീവ്രവാദ വിരുദ്ധ കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2024-ൽ ഗ്വാദറിൽ നടന്ന റാലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 'ബലൂചിസ്ഥാന്റെ സിംഹി' എന്ന് ലോകമെങ്ങും അറിയപ്പെടുന്ന മഹ്‌രംഗ് ബലൂചിനെതിരെയുള്ള കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.
ക്വറ്റ-1 ആന്റി ടെററിസം കോടതി ജഡ്ജി മുഹമ്മദ് അലി മൊബിനാണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. ജൂൺ 12 മുതൽ മഹ്‌രംഗും മറ്റ് ബലൂച് നേതാക്കളും അവരുടെ അഭിഭാഷകരും ഈ കോടതി നടപടികൾ പൂർണ്ണമായും ബഹിഷ്കരിച്ചിരിക്കുകയായിരുന്നു. നിലവിൽ ക്വറ്റയിലെ ഹദ്ദയിലുള്ള ഡിസ്ട്രിക്റ്റ് ജയിലിൽ തടവിലുള്ള ഇവർ, നിയമനടപടികളിൽ പ്രതിഷേധിച്ചു ജയിലിനുള്ളിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണെന്ന് ബിബിസി ഉറുദു റിപ്പോർട്ട് ചെയ്യുന്നു.
വിചാരണാ വേളയിൽ പ്രതികൾക്കായി സർക്കാർ അഭിഭാഷകരെ നിയോഗിച്ചെങ്കിലും മഹ്‌രംഗും സഹപ്രവർത്തകരും ഇവരെ അംഗീകരിക്കാൻ തയ്യാറായില്ല. വിധി പുറത്തുവന്നതിന് പിന്നാലെ, ഇത് ഒരു മുഖമില്ലാത്ത കോടതിയുടെ തീരുമാനമാണെന്ന് മഹ്‌രംഗിന്റെ സഹോദരിയും അഭിഭാഷകയുമായ നാദിയ ബലൂച് വിമർശിച്ചു. നീതിക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തെ ജയിലറകൾ കൊണ്ട് തടയാനാവില്ലെന്നും ചരിത്രമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും ബലൂച് യക്‌ജെഹ്തി കമ്മിറ്റി പ്രതികരിച്ചു.
പാകിസ്താൻ ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ട് മഹ്‌രംഗിന്റെ സഹപ്രവർത്തക സമ്മി ദീൻ ബലൂചും രംഗത്തെത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെടുന്നവർക്ക് സംരക്ഷണം നൽകേണ്ട കോടതികൾ അടിച്ചമർത്തുന്നവരുടെ കൈകൾക്ക് കരുത്ത് പകരുകയാണെന്നും തങ്ങളെ കാത്തിരിക്കുന്നത് നീതിയല്ല മറിച്ച് മുൻകൂട്ടി നിശ്ചയിച്ച ശിക്ഷകളാണെന്നും അവർ ആരോപിച്ചു. ബലൂച് ജനതയോടുള്ള കടുത്ത വിദ്വേഷത്തിന്റെ പ്രകടനമാണ് ഈ വിധിയെന്നും ബിവൈസി പ്രസ്താവനയിൽ പറഞ്ഞു.
2024 ജൂലൈയിൽ ഗ്വാദറിൽ സംഘടിപ്പിച്ച 'ബലൂച് രാജി മാച്ചി' എന്ന സംഗമത്തെത്തുടർന്നുണ്ടായ സംഘർഷങ്ങളാണ് കേസിന് ആധാരം. അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും പോലും ബലൂച് ജനത ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സമാധാനപരമായി തുടങ്ങിയ സമരം പിന്നീട് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഗ്വാദറിലെ കേസിന് പുറമെ മഹ്‌രംഗിനെതിരെ നിരവധി ക്രിമിനൽ കേസുകൾ വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരോധിത സംഘടനകളെ പിന്തുണച്ചു എന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്നും ആരോപിച്ച് ക്വറ്റയിലെ സരിയബ് പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുകളുണ്ട്. പോലീസുകാരെ ആക്രമിക്കാനും പൊതുമുതൽ നശിപ്പിക്കാനും മഹ്‌രംഗും സഹപ്രവർത്തകരും പ്രേരിപ്പിച്ചു എന്നുമാണ് ആരോപണം.
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നിർബന്ധിത തിരോധാനങ്ങൾക്കും നിയമവിരുദ്ധ കൊലപാതകങ്ങൾക്കുമെതിരെ പോരാടുന്ന ഏറ്റവും പ്രമുഖ മുഖമാണ് ഡോക്ടർ കൂടിയായ മഹ്‌രംഗ് ബലൂച്. 2023-ൽ കാണാതായവർക്ക് നീതി തേടി ടർബറ്റിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഇവർ നടത്തിയ 1600 കിലോമീറ്റർ പദയാത്ര രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ധീരമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ബിബിസിയുടെ മികച്ച 100 സ്ത്രീകളുടെ പട്ടികയിലും ടൈം മാഗസിൻ 100 നെക്സ്റ്റ് ലിസ്റ്റിലും മഹ്‌രംഗ് ഇടം നേടിയിട്ടുണ്ട്.
മഹ്‌രംഗിന്റെ പിതാവിനെ 2009-ൽ സുരക്ഷാ ഏജൻസികൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് പീഡനമേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അവരുടെ സഹോദരനും 2017-ൽ തട്ടിക്കൊണ്ടുപോകപ്പെട്ടു. ഈ അനുഭവങ്ങളാണ് ഒരു സർജനായ അവരെ മനുഷ്യാവകാശ പോരാട്ടങ്ങളിലേക്ക് നയിച്ചത്. ശിക്ഷാ വിധിക്ക് പിന്നാലെ ബലൂച് ജനതയുടെ അവകാശങ്ങൾക്കായുള്ള തങ്ങളുടെ സമരം ചരിത്രപരമായ ഒരു പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മഹ്‌രംഗിന്റെ അനുയായികളും പ്രതികരിച്ചു.
Content Highlights: Quetta Anti-Terrorism Court sentences activist Mahrang Baloch to life imprisonment.
Published: 23 Jun 2026, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented