പാരീസ്: ലൂവ്ര് മ്യൂസിയത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ രണ്ടു പേരും കുറ്റം സമ്മതിച്ചതായി ഫ്രഞ്ച് പോലീസ്. എന്നാൽ, മോഷ്ടിക്കപ്പെട്ട കീരിടങ്ങളും ആഭരണങ്ങളും ഇവരിൽനിന്ന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.
കേസിൽ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പാരീസ് മേഖലയിൽനിന്ന് ബുധനാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തവരിൽ ഒരു പ്രധാന പ്രതിയും ഉൾപ്പെടുന്നുവെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. സിസിടിവിയിൽ പതിഞ്ഞ നാല് പേരേക്കാൾ വലിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് അധികൃതർ വിശ്വസിക്കുന്നു. ഇതോടെ ആകെ ഏഴ് പേരാണ് ഇതിനകം ഫ്രഞ്ച് പോലീസിന്റെ വലയിലായത്.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയത്തിൽനിന്ന് പകൽവെളിച്ചത്തിൽ വെറും ഏഴു മിനിറ്റുകൊണ്ട് കോടികൾ വിലമതിക്കുന്ന ചരിത്രശേഷിപ്പുകൾ മോഷണം പോയത് ലോകശ്രദ്ധ നേടിയിരുന്നു. കേസിൽ ദിവസങ്ങളോളം തുമ്പു കിട്ടാതിരുന്ന പോലീസ് ശനിയാഴ്ച്ചയാണ് രണ്ടു പേരെ കുടുക്കിയത്. ഇവരെ 96 മണിക്കൂർ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തു. മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
34 വയസ്സുള്ള ഒരു പ്രതി അൾജീരിയൻ പൗരനാണ്. ഇയാൾക്കെതിരെ മുൻപ് ഗതാഗത നിയമലംഘനങ്ങൾക്ക് കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്. കവർച്ചയ്ക്കായി ഇവർ എത്തിയ സ്‌കൂട്ടറിൽനിന്ന് ലഭിച്ച ഡിഎൻഎ വഴിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. 39 വയസ്സുള്ള രണ്ടാമത്തെ പ്രതി അനധികൃത ടാക്‌സിയുടെയും ഡെലിവറി വാഹനത്തിന്റെയും ഡ്രൈവറാണ്. മോഷണക്കേസുകളിൽ ഇയാൾ മുൻപും പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. മ്യൂസിയത്തിലെ പൊട്ടിയ പെട്ടിയിൽനിന്ന് ഇയാളുടെ രക്തം കണ്ടെത്തി ഡിഎൻഎ തിരിച്ചറിഞ്ഞതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
നാല് കുറ്റവാളികൾക്കും മ്യൂസിയത്തിനകത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചതായി സൂചനയില്ലെന്ന് പോലീസ് അറിയിച്ചു. മോഷണസംഘം സംഭവസ്ഥലത്ത് ഉപേക്ഷിച്ചുപോയ കയ്യുറകൾ, ഹെൽമെറ്റ്, ഹൈ-വിസ് ജാക്കറ്റുകൾ തുടങ്ങിയ വസ്തുക്കൾ പരിശോധിച്ചും നൂറ്റമ്പതിലധികം ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്തുമാണ് അധികൃതർക്ക് ഇവരെ കണ്ടെത്താനായത്.
പ്രതികളിലൊരാളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. അൾജീരിയയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് പാസ്പോർട്ട് പരിശോധനയ്ക്കിടെയാണ് ഇയാളെ തടഞ്ഞത്.
ഒക്ടോബർ 19-ന് ലൂവ്രിലെ മുകൾനിലയിലുള്ള അപ്പോളോ ഗാലറിയിലാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. ട്രക്കിൽ ഘടിപ്പിച്ച ഏണി ഉപയോഗിച്ച് ഒരു ജനൽ വഴിയാണ് ഇവർ പ്രവേശിച്ചത്. അതീവ സുരക്ഷയുള്ള രണ്ട് പ്രദർശനപ്പെട്ടികൾ തകർത്ത് മേരി അമേലി രാജ്ഞിയും ഹോർട്ടെൻസ് രാജ്ഞിയും ധരിച്ചിരുന്ന വജ്രവും ഇന്ദ്രനീലവും പതിച്ച ആഭരണങ്ങൾ ഉൾപ്പെടെ ഒമ്പത് വസ്തുക്കളുമായി ഇവർ കടന്നുകളഞ്ഞു.
മ്യൂസിയത്തിൽനിന്ന് മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾക്ക് 10.2 കോടി ഡോളർ വിലമതിക്കുമെന്ന് കണക്കാക്കുന്നു. 'അവ കണ്ടെത്താനാകുമെന്നും ലൂവ്ര് മ്യൂസിയത്തിനും രാജ്യത്തിനും തിരികെ നൽകാനാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ ആഭരണങ്ങൾ ഇപ്പോൾ വിൽക്കാൻ കഴിയില്ല. ഇത് വാങ്ങുന്ന ഏതൊരാളും മോഷണമുതൽ കൈവശം വെച്ചതിന് കുറ്റക്കാരാകും. അവ തിരികെ നൽകാൻ ഇനിയും സമയമുണ്ട്.' പാരീസ് പ്രോസിക്യൂട്ടർ ലോർ ബെക്യു പറഞ്ഞു.
Content Highlights: Two suspects arrested in the Louvre museum heist have confessed. Stolen crown jewels and jewelry worth $102 million are still missing. Police are investigating.
Published: 30 Oct 2025, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented