പാരീസ്: പ്രശസ്തമായ ലൂവ്‌റ് മ്യൂസിയത്തിലെ കവർച്ചയ്ക്ക് ശേഷം കൊള്ളക്കാർ രക്ഷപ്പെട്ട ക്രെയിൻ നിർമ്മിച്ച കമ്പനി ഇത് പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമാവുന്നു. കവർച്ചയ്ക്കു ശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ട ക്രെയിൻ ശബ്ദം പുറപ്പെടുവിച്ചിരുന്നില്ല. ഇത് തങ്ങളുടെ ഉൽപ്പന്നത്തിന്റെ മേന്മയായാണ് ജർമ്മൻ കമ്പനി സാമൂഹിക മാധ്യമങ്ങളിൽ അവതരിപ്പിച്ചത്. 'ഒരു മന്ത്രണം പോലെ നിശ്ശബ്ദം' എന്നാണ് കമ്പനി തങ്ങളുടെ ക്രെയിനിനെ വിശേഷിപ്പിച്ചത്.

To advertise here,

ഒക്‌ടോബർ 19 ഞായറാഴ്ച്ചയാണ് ലോകത്തെ ഞെട്ടിച്ച് ലൂവ്‌റ് മ്യൂസിയത്തിൽ കൊള്ള നടന്നത്. പട്ടാപ്പകൽ ഏഴ് മിനിറ്റിനുള്ളിൽ നടന്ന ഈ അസാധാരണമായ കവർച്ചയിൽ മാരി ലൂയിസ് രാജ്ഞിക്ക് നെപ്പോളിയൻ സമ്മാനിച്ച മരതകവും വജ്രവും പതിച്ച നെക്ലേസും യൂജിനി രാജ്ഞിയുടെ പത്തൊൻപതാം നൂറ്റാണ്ടിലെ കിരീടവും ഉൾപ്പെടെ എട്ട് ആഭരണങ്ങൾ അപ്രത്യക്ഷമായി.

ഈ കവർച്ചയെയാണ് ജർമ്മൻ ലിഫ്റ്റിങ് ഉപകരണ നിർമ്മാതാക്കളായ ബോക്കർ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചത്. ജർമ്മനിയിലെ ഡാർട്ട്മുണ്ട് ആസ്ഥാനമായുള്ള ബോക്കർ ലൂവ്‌റെയ്ക്ക് പുറത്ത് തങ്ങളുടെ ക്രെയിൻ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'നിങ്ങൾക്ക് വീണ്ടും അതിവേഗം പോകേണ്ടിവരുമ്പോൾ.'

എജിലോ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് 400 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുമെന്നും 'ഒരു മന്ത്രണം പോലെ നിശ്ശബ്ദമായ' എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും കമ്പനി പറഞ്ഞു.

പാരീസിൽ എജിലോ പോലുള്ള ലിഫ്റ്റുകൾ സാധാരണ കാഴ്ചയാണ്. അവിടെയുള്ള ഇടുങ്ങിയ കോണിപ്പടികളും പല പഴയ കെട്ടിടങ്ങളിലും ലിഫ്റ്റുകൾ ഇല്ലാത്തതിനാൽ ഇത്തരം ഉപകരണങ്ങൾ വഴിയാണ് സാധനങ്ങൾ ഇറക്കുന്നതും കയറ്റുന്നതും.

വർഷങ്ങൾക്ക് മുൻപ് പാരീസിൽ ഇത്തരം ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ഒരു ഫ്രഞ്ച് ഉപഭോക്താവിന് വിറ്റ ക്രെയിനാണ് കൊള്ളക്കാർ ഉപയോഗിച്ചതെന്ന് ബോക്കർ കമ്പനി മാനേജിംഗ് ഡയറക്ടർ അലക്‌സാണ്ടർ ബോക്കർ എഎഫ്പിയോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച ലിഫ്റ്റിന്റെ പ്രവർത്തനം കാണിച്ചുതരാൻ ആവശ്യപ്പെടുകയും ട്രയൽ റണ്ണിനിടെ കള്ളന്മാർ മോഷ്ടിക്കുകയും ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടെന്ന് ബോക്കർ പറഞ്ഞു. അവർ ലേബലുകൾ നീക്കം ചെയ്യുകയും ലൈസൻസ് പ്ലേറ്റുകൾ മാറ്റുകയും ചെയ്തു.

'ആർക്കും പരിക്കില്ലെന്ന് ഉറപ്പായപ്പോൾ, ഞങ്ങൾ ഇതിനെ തമാശയായി എടുത്തു, ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചുതുടങ്ങി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയത്തിന് നന്ദി. ഞങ്ങളുടെ കമ്പനിക്ക് ശ്രദ്ധ നേടാനുള്ള ഒരവസരം തന്നതിന്.'' അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചത്തെ കവർച്ചയിൽ, മ്യൂസിയം തുറന്നയുടൻ കള്ളന്മാർ എജിലോ ഉപകരണം ഘടിപ്പിച്ച ട്രക്ക് ലൂവ്രെയുടെ അപ്പോളോ ഗാലറിക്ക് താഴെ പാർക്ക് ചെയ്തു. പട്ടാപ്പകൽ അവർ ഏണിയിലൂടെ മുകളിലേക്ക് കയറി, കട്ടിങ് ടൂളുകൾ ഉപയോഗിച്ച് ജനൽ തകർത്തു, പ്രദർശനപ്പെട്ടികൾ തകർത്ത് ആഭരണങ്ങൾ മോഷ്ടിച്ചു - എല്ലാം ഏഴ് മിനിറ്റിനുള്ളിൽ സംഭവിച്ചു.

ബോക്കർ കമ്പനിയുടെ പോസ്റ്റ് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. തമാശ നിറഞ്ഞ പ്രതികരണങ്ങളും മാർക്കറ്റിങ് വൈദഗ്ധ്യത്തിന് പ്രശംസയും ലഭിച്ചു, ചിലർ ഇത് 'ഈ വർഷത്തെ ഏറ്റവും മികച്ച പരസ്യം' ആണെന്ന് പറഞ്ഞു.