
ബയ്‌റുത്ത്: ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി ലെബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു.
സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര ചെയ്യരുത്. ലെബനനിലുള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ലെബനനിൽ തുടരുന്നവർ യാത്രകള്‍ നിയന്ത്രിക്കാനും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.
അതേസമയം സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാൻ ഒരുങ്ങിയിരിക്കണമെന്ന് ബുധനാഴ്ച ഇസ്രയേൽ സേനാമേധാവി ഹെർസി ഹവേലി സൈനികർക്ക് നിർദേശം നൽകി. വടക്കൻ അതിർത്തിയിലേക്ക് കരുതൽസേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേൽ തീരുമാനിച്ചു.
ലെബനനിൽ പുതിയ യുദ്ധമുഖം തുറന്നതിന്റെ മൂന്നാംദിനമായ ബുധനാഴ്ച പുലർച്ചെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഹിസ്ബുള്ള റോക്കറ്റുകളയച്ചു. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തേക്ക് ‘ഖാദർ 1’ ബാലിസ്റ്റിക് മിസൈലാണ് അയച്ചത്. ടെൽ അവീവിലേക്ക് ആദ്യമായി ഹിസ്ബുള്ളയുടെ റോക്കറ്റെത്തിയതായും വ്യോമപ്രതിരോധസംവിധാനമുപയോഗിച്ച് അത് തകർത്തതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. പിന്നാലെ, ലെബനന്റെ വിവിധഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 51 പേർ കൊല്ലപ്പെട്ടു. 220 പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ 60 രഹസ്യാന്വേഷണകേന്ദ്രങ്ങളുൾപ്പെടെ 280 താവളങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.
തങ്ങളുടെ കമാൻഡർമാരെ വധിക്കാനും ലെബനനിലുടനീളം പേജർ-വാക്കിടോക്കി സ്ഫോടനപരമ്പര നടത്താനും ഇസ്രയേൽ പദ്ധതിയിട്ടത് മൊസാദ് ആസ്ഥാനത്തുനിന്നാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ലെബനീസ് ജനതയുടെ സ്വയംസംരക്ഷണത്തിനും ഗാസയിലെ ജനങ്ങൾക്ക് പിന്തുണ തുടരുമെന്ന് ഇസ്രയേലിനെ അറിയിക്കാനുമാണ് ടെൽ അവീവിലെ ആക്രമണമെന്നും വ്യക്തമാക്കി. ഇസ്രയേലിന്റെ ഉൾഭാഗത്ത് ഹിസ്ബുള്ള ആക്രമണം നടത്തുന്നത് ആദ്യമാണ്.
സംഘർഷം വഷളാക്കാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെന്നും ടെൽഅവീവിലേക്ക് മിസൈൽ തൊടുത്ത തെക്കൻ ലെബനനിലെ റോക്കറ്റ് വിക്ഷേപിണി പ്രത്യാക്രമണത്തിലൂടെ തകർത്തെന്നും ഇസ്രയേൽ സേനാവക്താവ് നദാവ് ഷൊഷാനി പറഞ്ഞു.
Content Highlights: Lebanon israel conflict Indian Embassy In Beirut Issues Travel Advisory For Nationals
Published: 26 Sept 2024, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented