ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ സ്ഥാപകരിലൊരാളായ അമീർ ഹംസയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. ലാഹോറിൽവെച്ചാണ് അമീർ ഹംസയ്ക്ക് നേരേ അജ്ഞാതന്റെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഇയാളുടെ നില ഗുരുതരമാണെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

To advertise here,

ലാഹോറിലെ ഒരു ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നിൽവെച്ചാണ് അമീർ ഹംസയ്ക്ക് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അമീർ ഹംസയ്ക്ക് നേരേ വെടിയുതിർത്തതിന് പിന്നാലെ അജ്ഞാതനായ അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളിലുണ്ട്.

കഴിഞ്ഞ മേയിലും അമീർ ഹംസയ്ക്ക് ഗുരുതരപരിക്കേറ്റെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലാഹോറിലെ വീട്ടിൽവെച്ച് എന്തോ അപകടം സംഭവിച്ചെന്നും തുടർന്ന് പരിക്കേറ്റനിലയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. അമീർ ഹംസയ്ക്ക് വെടിയേറ്റതാണെന്ന് അന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇത് തള്ളിയിരുന്നു.

നിരോധിത ഭീകരസംഘടനയായ ലഷ്‌കറിന്റെ മുതിർന്ന നേതാക്കളിലൊരാളാണ് അമീർ ഹംസ. തീവ്രപ്രസംഗങ്ങളിലൂടെയും ലഷ്‌കറിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും ഇയാൾ കുപ്രസിദ്ധി നേടിയിരുന്നു. അമീർ ഹംസ ഉൾപ്പെടെയുള്ള 17 ഭീകരവാദികൾ ചേർന്നാണ് ലഷ്‌കറെ തൊയ്ബ സ്ഥാപിച്ചത്. ഭീകരസംഘടനയുടെ നേതൃത്വത്തിൽ പ്രധാനപങ്ക് വഹിച്ചിരുന്ന ഇയാൾ, ലഷ്‌കറിനായുള്ള പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട്മെന്റിനും ഭീകരരെ മോചിപ്പിക്കാനുമുള്ള ചർച്ചകളിലും സജീവമായിരുന്നു.

2018ൽ സാമ്പത്തികസഹായങ്ങൾ കുറഞ്ഞതോടെ ലഷ്‌കറുമായി അകലംപാലിച്ച അമീർ ഹംസ, ജെയ്ഷെ മൻഫാഖ എന്ന പേരിൽ മറ്റൊരു ഭീകരസംഘടന സ്ഥാപിച്ചിരുന്നു. ജമ്മുകശ്മീർ ഉൾപ്പെടെയുള്ള മേഖലയിൽ ഈ സംഘടന ചില നീക്കങ്ങൾ നടത്തിയിരുന്നതായാണ്‌ റിപ്പോർട്ട്. പുതിയ ഭീകരസംഘടന രൂപവത്കരിച്ചെങ്കിലും അമീർ ഹംസ ലഷ്‌കർ നേതൃത്വവുമായി അടുത്തബന്ധം പുലർത്തിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.