ഒട്ടാവ: വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വളയുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ സംഘടന. യുഎസ് ആസ്ഥാനമായുള്ള സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ആണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കോണ്‍സുലേറ്റില്‍ സാധാരണ ആവശ്യങ്ങള്‍ക്കായി വരാന്‍ ഉദ്ദേശിക്കുന്ന കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ മറ്റൊരു ദിവസം തിരഞ്ഞെടുക്കണമെന്നും ഖലിസ്ഥാന്‍ അനുകൂല സംഘടന ആവശ്യപ്പെട്ടു. പുതിയ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ദിനിഷ് പട്‌നായിക്കിന്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും അവര്‍ പുറത്തിറക്കി. 

To advertise here,

ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് സംഘടന പ്രസ്താവനയില്‍ ആരോപിച്ചു. ഇന്ത്യയും കാനഡയും നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെയാണ് സംഘടനയുടെ നീക്കമുണ്ടായിരിക്കുന്നത്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് രണ്ടുവര്‍ഷം മുന്‍പ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നതായും പ്രസ്താവനയില്‍ പറയുന്നു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഖലിസ്ഥാന്‍ ജനഹിതപരിശോധന പ്രചാരകരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും തുടരുകയാണ് എന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

നിജ്ജാറിന്റെ മരണശേഷം ഖലിസ്ഥാന്‍ ജനഹിതപരിശോധനാ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഇന്ദര്‍ജീത് സിങ്ങിന് ഗോസലിന് സംരക്ഷണം നല്‍കാന്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) നിര്‍ബന്ധിതായ സാഹചര്യത്തിലേക്കെത്തുന്ന തരത്തിലുള്ള ഗുരുതരഭീഷണി തങ്ങള്‍ക്കെതിരെ നിലനിന്നിരുന്നുവെന്നും സംഘം ആരോപിച്ചു. കാനഡയില്‍ നടക്കുന്ന ചാരവൃത്തിക്കും ഭീഷണിപ്പെടുത്തലിനും ഔദ്യോഗിക പ്രതികരണം തേടുമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നും സംഘടന പറഞ്ഞു. 

ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് കാനഡ ആസ്ഥാനമായുള്ള വ്യക്തികളില്‍നിന്നും ശൃംഖലകളില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ ഭരണകൂടം ഒരു ആഭ്യന്തര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കാനഡയുടെ ക്രിമിനല്‍ നിയമപ്രകാരം ഭീകരസംഘടനകളായി വിലയിരുത്തിയിട്ടുള്ള  ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ എസ്വൈഎഫ് എന്നിവ ഈ സംഘടനകളില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഈ ഭീകരവാദ ഗ്രൂപ്പുകള്‍ ഏതെങ്കിലും പ്രത്യേക സംഘടനയുമായി ബന്ധമില്ലാതെ ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെ ചെറിയ സംഘങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.