കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ വൻ പ്രളയത്തിൽനിന്ന് 28 ഇന്ത്യൻ തീർഥാടകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള കൈലാസ-മാനസരോവർ തീർഥാടകരാണ് മരണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. യാത്രക്കിടെ ഒരു ചായ കുടിക്കാനായി വണ്ടി നിർത്തിയതും അതുകാരണം 10 മിനിറ്റോളം താമസിക്കുകയും ചെയ്തതാണ് തങ്ങളുടെ ജീവൻ രക്ഷിച്ചതെന്ന് യാത്രികനായ വെങ്കട്ടരമണ പറഞ്ഞു.

To advertise here,

നിശ്ചയിച്ചതിലും നേരത്തെ സ്യാബ്രുബെസിയിൽ എത്തേണ്ടതായിരുന്നു ഞങ്ങൾ. എന്നാൽ ചായ കുടിക്കാനായി വണ്ടി നിർത്തിയ സമയത്താണ്  സ്യാബ്രുബെസിയിൽ പ്രളയമുണ്ടായെന്ന വാർത്ത വന്നത്. ഉടൻ തന്നെ ഡ്രൈവർ വണ്ടി വേറെ വഴിയിലേക്ക് വേഗത്തിൽ മാറ്റിയതുകൊണ്ടാണ് എല്ലാവരും രക്ഷപ്പെട്ടത്.-വെങ്കട്ടരമണ പറഞ്ഞു.

വിസ ലഭിക്കാൻ മൂന്ന് ദിവസം വൈകിയതും തങ്ങൾക്ക് അനുഗ്രഹമായി മാറിയെന്ന് സംഘത്തിലുണ്ടായിരുന്ന കൃഷ്ണയ്യ ഓർക്കുന്നു. വിസ കൃത്യസമയത്ത് കിട്ടിയിരുന്നെങ്കിൽ പ്രളയത്തിൽ സ്യാബ്രുബെസിയിലെ പാലം ഒലിച്ചുപോയ അതേ സമയത്ത് തങ്ങൾ അവിടെ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയോടെ ഇവരെല്ലാവരും സുരക്ഷിതമായി സ്വന്തം നാടുകളിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഇടിഞ്ഞുണ്ടായ വൻ പ്രളയത്തിൽ നേപ്പാളിലെ അതിർത്തി ഗ്രാമങ്ങൾ ഒന്നാകെ തകർന്നിരിക്കുകയാണ്. നേപ്പാൾ സർക്കാരിന്റെ കണക്കനുസരിച്ച് പ്രളയത്തിൽ ഇതുവരെ 734 പേർ മരിക്കുകയും 1500-ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സംഘം ശനിയാഴ്ച കാഠ്മണ്ഡുവിൽ എത്തി. ദുരിതാശ്വാസ സാധനങ്ങളുമായി നാലാമത്തെ വിമാനവും ഇന്ത്യ നേപ്പാളിലേക്ക് അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചിട്ടുണ്ട്.