ടെഹ്‌റാന്‍: ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ തുല്ല്യമായ അളവിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിനെതിരേ നടത്തുന്ന ഏത് നീക്കങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ ഇറാൻ ഇസ്രയേലിന് നല്‍കിയിരുന്നു.
അതേസമയം ഇറാനില്‍ ശനിയാഴ്ച നടത്തിയ വ്യോമാക്രമണം അവസാനിപ്പിച്ചതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ഏപ്രിലിലും ഒക്ടോബറിലും ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് ആക്രമണമെന്നും ഇസ്രയേല്‍ അറിയിച്ചു. ആക്രമണത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാന്റെ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് നേരിടാന്‍ ഇസ്രയേല്‍ പ്രതിരോധസേന ജാഗ്രതയിലാണ്.
ശനിയാഴ്ച രാവിലെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപത്തടക്കം സ്ഫോടനമുണ്ടായി. ടെഹ്‌റാന്‍, ഇലം, ഖുഴെസ്തകാന്‍ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണങ്ങളുണ്ടായി.
നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180-ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ ആക്രമണം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ചുള്ള യുഎസ് ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു. ഇസ്രയേലിന്റെ സൈനിക തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും ഉള്‍പ്പടെയാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആകാശത്തുവച്ച് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതും, വിവിധ സൈനിക ഓപ്പറേഷനുകളെ കുറിച്ചും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനര്‍വിന്യാസത്തെ കുറിച്ചുമെല്ലാം രഹസ്യരേഖകളില്‍ പറയുന്നുണ്ട്.
ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.
Content Highlights: Israel Will Face Proportional Reaction Says Iran After Strikes Report
Published: 26 Oct 2024, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented