പശ്ചിമേഷ്യയില്‍ അശാന്തി പരത്തി തുടരുന്ന ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ കൂടതല്‍ ശക്തമായ ആയുധങ്ങള്‍ക്കായി യുഎസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍. യുഎസിന്റെ സുപ്രധാന ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആയ മാസീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍ (എംഒപി) ആണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളില്‍ ഏറ്റവും മാരകവും ശക്തിയേറിയതുമായ ബോംബാണ് എംഒപി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍. 

To advertise here,

ഇസ്രയേലിനെതിരെ ഇറാന്‍ തങ്ങളുടെ ഫത്താ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം. ഭൂമിക്കടിയില്‍ ആഴത്തില്‍ കോണ്‍ക്രീറ്റുകളാല്‍ സുരക്ഷിതമാക്കിയ ഏത് നിര്‍മിതികളെയും തകര്‍ക്കാന്‍ ശേഷിയുള്ള ബോംബാണ് എംഒപി. ഇസ്രയേലിന്റെ ലക്ഷ്യം ഇറാനിലെ ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മല തുരന്ന് അതിനുള്ളില്‍ ഏത് വ്യോമാക്രമണങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ള തരത്തില്‍ ഇറാന്‍ നിര്‍മിച്ച ആണവകേന്ദ്രമാണ് ഫോര്‍ഡോയിലേത്. ഇസ്രയേലിന് ഇതുവരെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തിലുള്ള ആക്രമണം നടത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഎസിന്റെ പക്കല്‍നിന്ന് ആയുധം കൈവശമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 

എന്താണ് മാസീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍?

ഏകദേശം 14,000 കിലോഗ്രാം ഭാരമുള്ള അത്യാധുനിക ബോംബാണ് എംഒപി. 200 അടിയോളം ആഴത്തില്‍ പാറകള്‍ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്ന് സ്‌ഫോടനം നടത്തുന്ന ബോംബാണ് ഇത്. നിലവില്‍ യുഎസിനും റഷ്യയ്ക്കുമൊക്കെ ഇത്തരം ബോംബുകളുണ്ട്. ജിബിയു-57എ/ബി എന്ന കോഡ് നാമത്തില്‍ യുഎസ് സൈന്യത്തിനുള്ളില്‍ അറിയപ്പെടുന്ന ബോംബാണ് എംഒപി. ആണവായുധമല്ലാത്ത ഏറ്റവും മാരകമായ ബോംബുകളിലൊന്നാണ് ഇത്. 

ഭൂഗര്‍ഭ ബങ്കറുകളും ആണവകേന്ദ്രങ്ങളുമൊക്കെ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മിതികളാണ്. സാധാരണ ബോംബുകള്‍ക്ക് ഇവയെ തുളഞ്ഞിറങ്ങി സ്‌ഫോടനം നടത്താനാകില്ല. ഈ പരിമിതിയെ മറികടക്കുന്നതാണ് എംഒപിയുടെ ശേഷി. ഉരുക്കുള്‍പ്പെടുന്ന ലോഹസംയുക്തത്താലാണ് ഈ ബോംബിന്റെ പുറംകവചം നിര്‍മിച്ചിരിക്കുന്നത്. ബലമേറിയ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മിതികളെയും പാറകളെയും തുളഞ്ഞിറങ്ങുന്നതിന് ബോംബിനെ സഹായിക്കുന്നതാണ് ഈ  പുറംകവചം.  ഈ ബോംബിനുള്ളില്‍ 2400 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് ഉള്ളത്. 

നിര്‍മിതികളെ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്നതിന് ശേഷം മാത്രമേ ഇത് പൊട്ടിത്തെറിക്കൂ. ഉള്ളിലെ എല്ലാ സംവിധാനങ്ങള്‍ക്കും പരമാവധി നാശമുണ്ടാക്കുക എന്നതാണ് ഈ ആയുധത്തിന്റെ ഉപയോഗം. ജിപിഎസും ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് ബോംബ് ലക്ഷ്യത്തിലേക്ക് എത്തുന്നത്. കൃത്യമായി ലക്ഷ്യത്തെ നിര്‍ണയിച്ച് കഴിഞ്ഞാല്‍ അതിന് ഏതാനും മീറ്ററുകള്‍ മുകളില്‍നിന്ന് താഴേക്ക് അതിവേഗതയില്‍ പതിക്കും. തുടര്‍ന്ന് എത്ര കടുത്ത പ്രതിരോധത്തെയും മറികടന്ന് ഉള്ളിലേക്ക് തുളഞ്ഞിറങ്ങും. 

സാധാരണ യുദ്ധവിമാനങ്ങളില്‍നിന്ന് ഇതിനെ പ്രയോഗിക്കുക അസാധ്യമാണ്. ഇതിന്റെ ഭാരവും നിയന്ത്രണവുമൊക്കെ ഇത്തരം യുദ്ധവിമാനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കില്ല. യുഎസിന്റെ പക്കലുള്ള ബി-2 സ്പിരിറ്റ് എന്ന ബോംബര്‍ വിമാനങ്ങള്‍ക്ക് മാത്രമേ നിലവില്‍ എംഒപിയെ വഹിക്കാന്‍ സാധിക്കു. ബി2 സ്പിരിറ്റിന് പരമാവധി രണ്ട് എംഒപി ബോംബുകള്‍ മാത്രമേ വഹിക്കാന്‍ സാധിക്കു. പാരച്യൂട്ട് ഉപയോഗിച്ചാണ് ബോംബിനെ താഴേക്കിടുന്നത്. 

ഇറാഖ് അധിനിവേശവും മാറി ചിന്തിച്ച യുഎസും

2000-ത്തിലാണ്‌ ഇത്തരമൊരു ബോംബിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. യുഎസ് ആയുധനിര്‍മാതാക്കളായ നോര്‍ത്ത്‌റോപ് ഗ്രുമ്മനും ലോക്ഹീഡ് മാര്‍ട്ടിനും സംയുക്തമായി ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബിനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളും സാമ്പത്തിക ചെലവും കണക്കിലെടുത്ത് പദ്ധതി നിലച്ചു. 

എന്നാല്‍, 2003-ലെ യുഎസിന്റെ ഇറാഖ് അധിനിവേശ സമയത്താണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുടെ അനിവാര്യത യുഎസ് തിരിച്ചറിയുന്നത്. തുടര്‍ന്ന് യുഎസ് എയര്‍ഫോഴ്‌സ് റിസര്‍ച്ച് ലബോറട്ടറിയും ഡിഫന്‍സ് ത്രെട്ട് റിഡക്ഷന്‍ ഏജന്‍സി ( ഡിടിആര്‍എ) യും ചേര്‍ന്ന് പഴയ പദ്ധതി പൊടിതട്ടിയെടുത്തു. 2004-ല്‍ ബോംബിന്റെ ആദ്യപരീക്ഷണം നടന്നു. ഇതിനെ ബോംബര്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാനുള്ള സംവിധാനമൊരുക്കിയത് ബോയിങ് കമ്പനിയാണ്. 2010 ആയപ്പോഴേക്കും ബി-2 സ്പിരിറ്റ് ബോംബറില്‍നിന്ന് എംഒപിയെ വിജയകരമായി പരീക്ഷിച്ചു.  2011-ല്‍ യുഎസ് വ്യോമസേനയുടെ ഭാഗമായി. 2012-ല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ബോംബിന്റെ ശേഷി വര്‍ധിപ്പി്ച്ചു.

എംഒപി എന്ന തന്ത്രപ്രധാനമായ ബോംബ് യുഎസ് ഇന്നേവരെ ഒരു സഖ്യകക്ഷിക്കും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ഈ ബോംബിന്റെ ഉപയോഗം ഏതെങ്കിലും സൈനിക സംഘര്‍ഷത്തില്‍ യുഎസിന്റെ നേരിട്ടുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടും. ഇസ്രയേല്‍ ആവശ്യപ്പെട്ടാലും  നല്‍കാനിടയില്ല. കാരണം ഇതിന്റെ ഉപയോഗരീതികളും സാങ്കേതികവിദ്യയും യുഎസിന് മാത്രമേ അറിയു. പ്രയോഗിക്കണമെങ്കില്‍ യുഎസിന്റെ ബോംബര്‍ വിമാനങ്ങളും വേണം. ഇറാനെതിരെ യുദ്ധത്തില്‍ നേരിട്ടിടപെടാന്‍ യുഎസ് നിലവില്‍ ആലോചിക്കുന്നില്ല. ഇറാനില്‍നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് സഹായം ചെയ്യുക മാത്രമാണ് നിലവില്‍ യുഎസ് ചെയ്യുന്നത്.