ഡമാസ്‌കസ്: വിമതവിപ്ലവത്തിനും ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെ സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു. സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ 'സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്' പറഞ്ഞു.

To advertise here,

സിറിയയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇനി ഇസ്രയേലിനുമുന്നില്‍ കാരണങ്ങളൊന്നുമില്ലെന്ന് വിമതവിപ്ലവത്തിന് നേതൃത്വം നല്‍കിയ ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതാവ് അബു മുഹമ്മദ് അല്‍ ജൊലാനി പറഞ്ഞു. ഇസ്രയേല്‍ പ്രതിരോധസേനയുടെ ആക്രമണങ്ങള്‍ പരിധിവിട്ടു. വര്‍ഷങ്ങളോളംനീണ്ട യുദ്ധത്താലും സംഘര്‍ഷങ്ങളാലും തളര്‍ന്ന സിറിയയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നും ജൊലാനി വ്യക്തമാക്കി. 

സിറിയയെ നശിപ്പിക്കുന്ന സംഘര്‍ഷങ്ങളല്ല, രാജ്യത്തിന്റെ പുനര്‍നിര്‍മാണമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവകാശപ്പെട്ടു. സിറിയയെ ആക്രമണത്തിനുള്ള വേദിയാക്കിയത് ഇറാനാണെന്നും അതിന് അന്ത്യംകുറിക്കാന്‍ വിപ്ലവത്തിലൂടെ സാധിച്ചെന്നും അവരുമായി ശത്രുതയില്ലെന്നും ജൊലാനി പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് സാധാരണജനങ്ങളെ ആക്രമിച്ച റഷ്യന്‍സൈന്യത്തെ ജൊലാനി കടന്നാക്രമിച്ചെങ്കിലും പൊതുതാത്പര്യം കണക്കിലെടുത്ത് റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാവുന്നതാണെന്നും പറഞ്ഞു.

അതിനിടെ, അസദിന്റെ ശക്തികേന്ദ്രങ്ങളില്‍ ശനിയാഴ്ച വിമതര്‍ക്കുനേരേയുണ്ടായ ഒളിയാക്രമണത്തില്‍ നാലുപേര്‍ മരിച്ചു. മെഡിറ്ററേനിയന്‍ തീരനഗരങ്ങളായ ലടാകിയ, ടാര്‍ട്ടസ്, ബജ്ലഹ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. തുര്‍ക്കി അനുകൂല സുന്നിസംഘടനായ ഫയ്‌ലാഖ് അല്‍ ഷാമിലെ അംഗങ്ങളാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് 11 ദിവസത്തെ വിപ്ലവത്തിനൊടുവില്‍ എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള വിമതസഖ്യം അസദ് ഭരണകൂടത്തെ അട്ടിമറിച്ച് തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചത്.

സിറിയയില്‍ സ്‌കൂളുകള്‍ തുറന്നു

രണ്ടാഴ്ചയോളംനീണ്ട സായുധവിപ്ലവത്തിനുശേഷം സിറിയയില്‍ പലയിടങ്ങളിലും ജനജീവിതം സാധാരണനിലയിലേക്കുമടങ്ങി. രാജ്യത്തെ സ്‌കൂളുകളും കോളേജുകളും ഞായറാഴ്ച തുറന്നു. യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാത്രമേ ക്ലാസ് ആരംഭിച്ചിട്ടുള്ളൂ. പ്രൈമറി സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടുദിവസമെടുക്കും. മിക്ക സ്‌കൂളുകളിലും ഹാജര്‍നില 30 ശതമാനത്തില്‍ കുറവായിരുന്നു. പ്രവിശ്യകള്‍ക്കുപുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന സര്‍വകലാശാലകളില്‍ പലയിടത്തും ക്ലാസുകള്‍ നടന്നില്ല. അഞ്ചുദിവസത്തിനിടെ തുര്‍ക്കി അതിര്‍ത്തിവഴി 7600 സിറിയന്‍ അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തേക്കുമടങ്ങിയെന്ന് നരീക്ഷണസംഘടനകള്‍ അറിയിച്ചു.