തിരുവനന്തപുരം: ഇസ്രയേലിൽ കല്ലമ്പലം സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലമ്പലം മുത്താന ശിവശൈലത്തിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. സുരേഷ് മരിച്ചതായി കഴിഞ്ഞദിവസം ഇസ്രയേലിലെ മലയാളി കൂട്ടായ്മ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കല്ലമ്പലം പോലീസിൽ പരാതിനൽകി.

To advertise here,

ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വിസയിൽ ഇസ്രയേലിലേക്ക് ജോലിക്ക് പോയത്. ആറുമാസങ്ങൾക്കു മുൻപ് മാതാവ് മരണപ്പെട്ടതിനാൽ നാട്ടിൽ വന്നിരുന്നു. കഴിഞ്ഞ 17-നാണ് അവസാനമായി സുരേഷ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. താൻ ജോലിചെയ്യുന്ന ഭാഗത്തെ യുദ്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പച്ചക്കറി വാങ്ങാൻ പുറത്തുപോകുന്നു എന്നും നാട്ടിലേക്ക് അയച്ച അവസാന ശബ്ദസന്ദേശത്തിൽ പറയുന്നു. യുദ്ധത്തിന്റെ ഭാഗമായുള്ള ആക്രമണത്തിലാണോ സുരേഷിന് അപായം സംഭവിച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

സുരേഷിന്റെ ഭാര്യ കുവൈറ്റിലാണ് ജോലിചെയുന്നത്. ഏഴ്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. മൃതദേഹം എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെയും വർക്കല എംഎൽഎ ജോയിയെയും സമീപിച്ചിട്ടുണ്ട്.