
ജറുസലേം: ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ മരണം 200 കവിഞ്ഞു. ജനുവരി 19-ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ, ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ വിപുലമായ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ കുറഞ്ഞത് 200 പേര് കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യോമാക്രമണത്തില്‍ പ്രധാനമായും കുട്ടികളും സ്ത്രീകളും പ്രായമായവരും കൊല്ലപ്പെടുകയും 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഗാസ സിറ്റി, മധ്യ ഗാസയിലെ ദെയ്ര് അല്‍-ബലായ്, ഖാന് യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നതെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. വടക്കന്‍ ഗാസ, ഗാസ സിറ്റി, മധ്യ ഗാസ, തെക്കന്‍ ഗാസ മുനമ്പിലെ ദെയ്ര് അല്‍-ബലാഹ്, ഖാന് യൂനിസ്, റാഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായണ് റിപ്പോര്‍ട്ടുകള്‍.
ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. രാഷ്ട്രീയ തീരുമാനപ്രകാരം ഗാസ മുനമ്പിലെ ഹമാസ് ഭീകര കേന്ദ്രങ്ങളില്‍ നിലവില്‍ വിപുലമായ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം സാമൂഹിക മാധ്യമമായ എക്സിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി. ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്കൂളുകളും അടച്ചുപൂട്ടാനും ഇസ്രായേല്‍ ഉത്തരവിട്ടു.
ബന്ദികളെ മോചിപ്പിക്കാനുള്ള നിര്‍ദേശം അവഗണിച്ചതും വെടിനിര്‍ത്തല്‍ നീട്ടാനുള്ള അമേരിക്കയുടെ നിര്‍ദേശം ഹമാസ് നിരസിച്ചതിനെയും തുടര്‍ന്നാണ് ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. അതേസമയം ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് ആരോപിക്കുന്നു. എന്നാല്‍ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായാണ് ജനുവരിയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെയാണ് കരാര്‍ നിലവില്‍ വന്നത്. മൂന്ന് ഘട്ടങ്ങളായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നായിരുന്നു കരാര്‍. ഇരുഭാഗത്തുമുള്ള ബന്ദികളുടെ കൈമാറ്റവും കരാറിന്റെ ഭാഗമായിരുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേലും ഹമാസും ആദ്യഘട്ടത്തില്‍ ബന്ദികളെ കൈമാറിയിരുന്നു. പിന്നാലെയാണ് മേഖലയെ വീണ്ടും അശാന്തമാക്കി ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.
Content Highlights: Israel launches extensive airstrikes on Gaza
Published: 18 Mar 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented