
വാഷിങ്ടണ്‍: ഇറാനു നേരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പശ്ചിമേഷ്യയില്‍ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ യുഎസ്.
ബഹ്റൈന്‍, കുവൈത്ത്, യുഎഇ എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു.
പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും പശ്ചിമേഷ്യയില്‍ വളര്‍ന്നുവരുന്ന പിരിമുറുക്കം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചുവരികയാണെന്നും അതിന്റെ ഭാഗമാണിതെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' നീക്കം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാഖിലെ തങ്ങളുടെ എംബസി ഭാഗികമായി ഒഴിപ്പിക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. 'സ്വദേശത്തും വിദേശത്തും അമേരിക്കക്കാരെ സുരക്ഷിതമായി നിലനിര്‍ത്തുക' എന്ന പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് ബാഗ്ദാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യമില്ലാത്ത എല്ലാ ഉദ്യോഗസ്ഥരോടും മാറാന്‍ ഉത്തരവിട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.
ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ആദ്യ പ്രത്യാക്രമണം ഉണ്ടാകുക എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസിന്റെ ഈ നീക്കമെന്നാണ് വിവരം.
ട്രംപ് ഭരണകൂടം ഇറാനുമായി ഒരു പുതിയ ആണവ കരാറിനായി ശ്രമം തുടരുമ്പോള്‍ തന്നെ, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായിവരുന്ന സാഹചര്യംകൂടി നിലനില്‍ക്കുന്നുണ്ട്.
പശ്ചിമേഷ്യയില്‍ ഉടനീളമുള്ള അമേരിക്കന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ മടങ്ങാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച് തനിക്ക് ആത്മവിശ്വാസം കുറഞ്ഞുവരികയാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പ്രതികരിക്കുകയുണ്ടായി. കരാർ യാഥാർഥ്യമാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് സൂചിപ്പിച്ചു.
'ആണവാഭിലാഷങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കരാര്‍ ഇറാനുമായി ഉണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസം കുറഞ്ഞു വരുന്നു. അവര്‍ താമസിപ്പിക്കുന്നതായി തോന്നുന്നു, അത് ദൗര്‍ഭാഗ്യകരമാണ്, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ തനിക്ക് ഇപ്പോള്‍ ആത്മവിശ്വാസം കുറവാണ്' ബുധനാഴ്ച ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ വ്യോമ ആയുധങ്ങളുടെ നീക്കവും ഒരു വ്യോമാഭ്യാസവും നടത്തിയെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ ഭരണകൂടം തീരുമാനങ്ങളെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നീക്കത്തില്‍ ട്രംപ് ഭരണകൂടവും നെതന്യാഹു ഭരണകൂടവും തമ്മില്‍ അഭിപ്രായഭിന്നതയിലാണെന്നാണ് വിവരം.
Content Highlights: US evacuates personnel from Middle East in sign of growing regional tension
Published: 12 Jun 2025, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented