ന്യൂയോർക്ക്:  ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ ഹൂതികൾ ആക്രമണം നടത്തിയാൽ ഇറാനെതിരേയും സൈനിക നടപടി ശക്തമാക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂതികൾ ഇറാന്റെ നിഴൽ സൈന്യമാണ്. അതുകൊണ്ടുതന്നെ അവർ നടത്തുന്ന ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇറാനായിരിക്കും. ഇരുകൂട്ടർക്കെതിരേയും കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

To advertise here,

വാണിജ്യ കപ്പലുകളെ ആക്രമിച്ചതിന് ഹൂതികൾക്കുനേരെ കഴിഞ്ഞവർഷം യു.എസ്. ശക്തമായ തിരിച്ചടി നൽകിയിരുന്ന കാര്യവും ട്രംപ് ഓർമിപ്പിച്ചു. അതിനുശേഷം യു.എസ്.-ഇറാൻ സംഘർഷക്കാലയളവിൽ ഹൂതികൾ ഉത്തരവാദിത്വത്തോടേയും ബുദ്ധിപൂർവവുമാണ് പെരുമാറിയത്. പക്ഷേ, ഇപ്പോൾ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളിൽ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി.

ചെങ്കടലിനേയും ഗൾഫ് ഓഫ് ഏഡനേയും ബന്ധിപ്പിക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ വാണിജ്യ പാതകളിലൊന്നാണ് ബാബ് അൽ മന്തബ് കടലിടുക്ക്. ആഗോള എണ്ണവ്യാപാരത്തിന്റേയും ചരക്കുനീക്കത്തിന്റേയും വലിയൊരു ഭാഗം കടന്നുപോകുന്ന ഈ കടലിടുക്കിലെ ആക്രമണങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയേയും ഊർജ വിപണിയേയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.