ജറുസലേം: ഗാസാ സിറ്റി കീഴടക്കാനുള്ള സൈനികനടപടി ഇസ്രയേല്‍ ബുധനാഴ്ച ആരംഭിച്ചു. ഹമാസുമായുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെയാണ് ആക്രമണമാരംഭിച്ചതെന്ന് ഇസ്രയേല്‍ സൈന്യം.
ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭയുടെ ആക്രമണപദ്ധതിക്ക് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ബുധനാഴ്ച അംഗീകാരംനല്‍കിയിരുന്നു. ഇതിന്റെഭാഗമായി 60,000 കരുതല്‍സൈനികരോട് ഉടന്‍ ജോലിയില്‍ച്ചേരാന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ യുദ്ധമുഖത്തുള്ള 20,000 കരുതല്‍സൈനികരുടെ സേവനകാലം നീട്ടുകയും ചെയ്തു. ഹമാസ് അംഗീകരിച്ച പുതിയ വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ മധ്യസ്ഥരാജ്യങ്ങള്‍ ഇസ്രയേലിന്റെ പ്രതികരണം കാത്തിരിക്കുമ്പോഴാണ് ഈ നീക്കം.
തെക്കുള്ള ഖാന്‍ യൂനിസില്‍ തങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയ 10 ഹമാസുകാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം ബുധനാഴ്ച അറിയിച്ചു. ഒട്ടേറെ ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും പറഞ്ഞു. എന്നാല്‍, എണ്ണം വ്യക്തമാക്കിയില്ല.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാമന്ത്രിസഭ ഈ മാസം ആദ്യമാണ് ഗാസാ സിറ്റി കീഴടക്കുന്നതിന് അനുമതിനല്‍കിയത്. ഗാസാ സിറ്റി കീഴടക്കാനുള്ള പുറപ്പാട് ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളെ സമ്പൂര്‍ണദുരന്തത്തിലേക്കും മേഖലയെ അവസാനിക്കാത്ത യുദ്ധത്തിലേക്കും നയിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നറിയിപ്പുനല്‍കി.
ആക്രമണത്തിനുമുന്നോടിയായി ഗാസാ സിറ്റിയില്‍നിന്ന് ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം പലസ്തീന്‍കാരോട് നിര്‍ദേശിച്ചിരുന്നു.
സൈതൂന്‍, ജബലിയ എന്നിവയുടെ പരിസരപ്രദേശങ്ങളില്‍ സൈന്യം ആക്രമണം തുടങ്ങിക്കഴിഞ്ഞതായി ഇസ്രയേലി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിശ്ചിതലക്ഷ്യസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുമാത്രമേ ആക്രമണം നടത്തൂ എന്നും അറിയിച്ചു. മുന്‍പ് ആക്രമണം നടത്തിയിട്ടില്ലാത്ത സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും.
അതിനിടെ, ഗാസയിലുടനീളം ബുധനാഴ്ചനടന്ന ആക്രമണങ്ങളില്‍ 25 പേര്‍ മരിച്ചു. 22 മാസമായി നടക്കുന്ന യുദ്ധത്തിലെ ആകെ മരണസംഖ്യ 62,122 ആയി.
60 ദിവസത്തെ വെടിനിര്‍ത്തലിനും രണ്ടുഘട്ടമായി ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള കരാറിനാണ് ഹമാസ് കഴിഞ്ഞദിവസം സമ്മതിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 49 പേര്‍ ഇപ്പോഴും ഗാസയിലുണ്ട്. അതില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.
Content Highlights: Israel has launched a ground offensive in Gaza after Hamas attacks
Published: 21 Aug 2025, 07:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented