
ടെഹ്‌റാന്‍: കഴിഞ്ഞദിവസം തങ്ങള്‍ക്കുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍. ഇറാഖിലെ യു.എസ്. നിയന്ത്രിക്കുന്ന വ്യോമമേഖലയില്‍ നിന്നാണ് ഇസ്രയേല്‍ പരിമിതമായ ആക്രമണം നടത്തിയത് എന്ന് ഇറാന്‍ സായുധസേനയുടെ ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ അതിര്‍ത്തിയുടെ 100 കിലോമീറ്റര്‍ പരിധിയില്‍ പോലും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരിയ നാശനഷ്ടം സംഭവിച്ചതായും സേനാതലവന്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രവിശ്യകളായ ഇലം, ഖുഴെസ്തകാന്‍ എന്നിവിടങ്ങളിലും രാജ്യതലസ്ഥാനമായ ടെഹ്‌റാനിലുമുള്ള റഡാര്‍ സംവിധാനങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചത്. തകരാറ് സംഭവിച്ച എല്ലാ റഡാര്‍ യൂണിറ്റുകളുടേയും തകരാറ് പരിഹരിക്കുകയോ പുതിയവ സ്ഥാപിക്കുകയോ ചെയ്തുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിയമവിരുദ്ധമായ നീക്കമാണ് ഇസ്രയേല്‍ നടത്തിയത്. തങ്ങള്‍ക്കുനേരെ വന്ന മിസൈലുകളെ റഡാര്‍ സംവിധാനങ്ങള്‍ കണ്ടെത്തിയിരുന്നു. ശത്രുവിന്റെ യുദ്ധവിമാനങ്ങളെ ഇറാന്റെ വ്യോമമേഖലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഫലപ്രദമായി തടയാനും കഴിഞ്ഞു.' -ഇറാന്‍ സായുധസേനാ ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ. ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണത്തിനു മറുപടിയായാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. ശനിയാഴ്ച പുലർച്ചെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാന്റെ വിവിധഭാഗങ്ങളിൽ സ്ഫോടനങ്ങളുണ്ടായി. ആക്രമണത്തിൽ രണ്ട് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് ഇറാൻ സൈന്യം അറിയിച്ചു.ടെഹ്റാൻ, ഇലാം, ഖുസെസ്താൻ എന്നീ പ്രവിശ്യകളിലെ വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായതായി ഇറാൻറെ വ്യോമപ്രതിരോധ ആസ്ഥാനം നേരത്തേ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇറാന്റെ തന്ത്രപ്രധാനമായ മിസൈൽ നിർമാണശാല ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. നിയന്ത്രിതവും പരിമിതവുമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ആക്രമണം പൂർത്തീകരിച്ചെന്നും അറിയിച്ചു. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ടുചെയ്തിട്ടില്ല.
അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
ഇറാനെ ആക്രമിച്ച് സംഘർഷം വഷളാക്കിയതിന് ഇസ്രയേലിനെ അറബ് രാഷ്ട്രങ്ങൾ കുറ്റപ്പെടുത്തി. മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നതിനെ എതിർക്കുന്നെന്ന് സൗദി അറേബ്യ പറഞ്ഞു. ഖത്തർ, യു.എ.ഇ., ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ ആക്രമണത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ആശങ്കയറിയിച്ചു. ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്നും ഇസ്രയേൽ അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചെന്നും ജോർദാൻ പറഞ്ഞു.
ഇസ്രയേലിനെ തിരിച്ചാക്രമിച്ച് വീണ്ടും പ്രശ്നം വഷളാക്കരുതെന്ന് ഇറാനോട് യു.എസും ബ്രിട്ടനും ആവശ്യപ്പെട്ടു. സ്വരക്ഷയുടെ ഭാഗമായാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും വൈറ്റ്ഹൗസ് സുരക്ഷാസമിതി വക്താവ് ഷോൺ സാവെറ്റ് പറഞ്ഞു. സംഘർഷം ലഘൂകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ ആവശ്യപ്പെട്ടു.
Content Highlights: Israel used US-controlled airspace in Iraq to attack Iran says Iran armed force chief
Published: 27 Oct 2024, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented