ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ അറസ്റ്റുചെയ്യപ്പെട്ട ചിന്മയ് കൃഷ്ണദാസിന്റെ അഭിഭാഷകനുനേരെ ആക്രമണം നടന്നെന്ന ആരോപണവുമായി ഇസ്‌കോണിന്റെ ഇന്ത്യ ഘടകം. അഭിഭാഷകനായ രമണ്‍ റോയിയെ വീട്ടില്‍കയറി ആക്രമിച്ചുവെന്ന് ഇസ്‌കോണ്‍ ഇന്ത്യ വൈസ് പ്രസിഡന്റും വക്താവുമായ രാധാരമണ്‍ദാസ് ആരോപിച്ചു. ഐ.സി.യുവില്‍ ചികിത്സയിലുള്ള അഭിഭാഷകന്റെ ചിത്രവും രാധാരമണ്‍ ദാസ് എക്‌സില്‍ പങ്കുവെച്ചു.

To advertise here,

'അഡ്വക്കറ്റ് രമണ്‍ റോയിക്കുവേണ്ടി പ്രാര്‍ഥിക്കുക. അദ്ദേഹംചെയ്ത ഏക തെറ്റ് കോടതിയില്‍ ചിന്മയ് കൃഷ്ണദാസിനുവേണ്ടി വാദിച്ചുവെന്നത്‌ മാത്രമാണ്. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇസ്ലാമിസ്റ്റുകള്‍ ക്രൂരമായി ആക്രമിച്ചു. അദ്ദേഹം ഇപ്പോള്‍ ഐ.സി.യുവില്‍ മരണത്തോട് മല്ലിടുകയാണ്', രാധാരമണ്‍ ദാസ് എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ മാസം 25-നാണ് ചിന്മയ് കൃഷ്ദാസിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റുചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ചാണ് ഇസ്‌കോണ്‍ നേതാവും ഹിന്ദുസംഘടനയായ ബംഗ്ലാദേശ് സമ്മിതിരിത സനാതനി ജാഗരണ്‍ ജോതിന്റെ വക്താവുമായ ചിന്മയ് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.