ദുബായ്: ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂർവം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിക്കെതിരെ അന്വേഷണം ശക്തമാക്കി. ചോദ്യം ചെയ്യലിൽ, വിമാനം മനഃപൂർവം തകർക്കാനാണ് താൻ ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി 'വാൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു.

To advertise here,

തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിനെ തുടർന്ന് വിമാനം പറത്തുന്നതിൽനിന്ന് മാറ്റി നിർത്തിയിരുന്ന ഇയാൾക്ക് എങ്ങനെ വീണ്ടും വിമാനത്തിന്റെ കോക്പിറ്റിലേക്ക് പ്രവേശനം ലഭിച്ചെന്നും അന്വേഷിച്ചുവരികയാണ്. തീവ്രവാദ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ എയർ ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് മുൻപ് വിലക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഇയാളെ തീവ്രവാദവിരുദ്ധ പുനരധിവാസ (ഡീറാഡിക്കലൈസേഷൻ) പ്രോഗ്രാമിന് വിധേയനാക്കുകയും ഓഫിസ് ജോലിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ ഒമാൻ എയർ വിട്ടശേഷം യു.എ.ഇയിൽ എത്തിയ ഹമ്മാമിയെ 2026 ഫെബ്രുവരിയിൽ ഫ്ലൈഡുബായ് ജോലിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മുൻകാല പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഫ്ലൈ ദുബായ്ക്ക് ലഭ്യമായിരുന്നുവെന്നോ ഒമാനോട് വിവരങ്ങൾ ചോദിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. തൊഴിൽ സുരക്ഷാ പരിശോധനകൾക്കായി ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടി മറ്റു രാജ്യങ്ങളിൽ നിന്ന് യാതൊരു അഭ്യർത്ഥനയും ഒമാന് ലഭിച്ചിരുന്നില്ലെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ഒമാനി പിതാവിനും സിറിയൻ മാതാവിനും ജനിച്ച ഹമ്മാമി തന്റെ ചെറുപ്പകാലത്ത് കുറച്ചുകാലം സിറിയയിലാണ് ചെലവഴിച്ചത്. ബഷാർ അൽ അസദ് സർക്കാരിനെതിരെ വിമതർ പോരാട്ടം നടത്തുന്ന സമയത്തായിരുന്നു അത്. സിറിയയിലുണ്ടായിരുന്നപ്പോഴാണോ ഇയാൾ തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.