ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനും തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാരം ഇക്കഴിഞ്ഞദിവസം നടന്നതിന് തൊട്ടു പിന്നാലെയാണ് കടുത്തമുന്നറിയിപ്പുമായി ഐആർജിസി ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദി രംഗത്തെത്തിയത്. ഫെബ്രുവരി 28-ാം തീയതി നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലായിരുന്നു ഖമനേയി  കൊല്ലപ്പെട്ടത്. 

To advertise here,

ഓർമയിൽനിന്ന് മായ്ച്ചുകളയാൻ സാധിക്കാത്തവിധമായിരിക്കും ശത്രുക്കൾക്ക് ഇറാൻ നൽകുന്ന തിരിച്ചടിയെന്ന് വഹീദി പറഞ്ഞു. നീതി പൂർണമായി നടപ്പിലാക്കണമെന്നും കുറ്റവാളികൾക്ക്, പ്രത്യേകിച്ച് കുട്ടികളെ കൊല്ലുന്ന അമേരിക്കൻ സൈന്യത്തിന് അർഹമായ തിരിച്ചടി നൽകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. രക്തസാക്ഷികൾക്കായി പ്രതികാരം വീട്ടുന്നതും കുറ്റവാളികൾക്ക് ശിക്ഷ നൽകുന്നതും നിശ്ചിതവും നിയമാനുസൃതവും മറക്കാനാകാത്തതുമായ ആവശ്യമായി തുടരുകതന്നെ ചെയ്യുമെന്നും വഹീദി കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ക്രിമിനൽ നേതാക്കളും ഇസ്ലാമിക വിപ്ലവത്തിന്റെയും പ്രതിരോധ മുന്നണിയുടെയും മുഴുവൻ ശത്രുക്കളും ഒരു കാര്യം മനസ്സിലാക്കണം, ഈ ദൈവിക നേതാവിനെ ഭീരുത്വംകൊണ്ട് കൊലപ്പെടുത്തിയതുകൊണ്ട് അവർക്ക് ഒരിക്കലും പ്രതിരോധത്തിന്റെ കൊടി താഴെയിറക്കാനാകില്ല, വഹീദി പറഞ്ഞു.

നേരത്തെ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം ഇസ്രായേൽ അമേരിക്കയുമായി പങ്കുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളായ വാൾസ്ട്രീറ്റ് ജേണലും സിഎൻഎന്നും ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ഇറാൻ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും അവരുടെ ഒന്നാം നമ്പർ ലക്ഷ്യം താനാണെന്നും കഴിഞ്ഞ ദിവസം ട്രംപും പറഞ്ഞിരുന്നു. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ട്രംപിന്റെ മരണം എന്ന് ജനക്കൂട്ടം ആർത്ത് വിളിച്ചിരുന്നു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. ഇറാനുമായുള്ള വെടിനിർത്തൽ അവസാനിച്ചതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു