ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്ത്യയിലെത്തുന്നു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.

To advertise here,

2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിക്കിടെയാണ് ഇതിനുമുമ്പ് പെസെഷ്കിയനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ ചർച്ചകൾ നടത്തിയത്. ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്‌ക്കൊപ്പം 2024-ലാണ് ഇറാൻ ബ്രിക്സിന്റെ പൂർണ്ണ അംഗമായത്. 2025-ൽ ഇൻഡൊനീഷ്യയും ഈ കൂട്ടായ്മയിൽ ചേർന്നതോടെ പൂർണ്ണ അംഗങ്ങളുടെ എണ്ണം 11 ആയി ഉയർന്നു.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയിൽ ഇന്ത്യയുടെ ഇടപ്പെടലിന്റെ ആവശ്യതകതയെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണിൽ ഇന്ത്യയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെ, ആഗോളതലത്തിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി ഇന്ത്യ നടത്തുന്ന ഏത് ക്രിയാത്മകമായ ഇടപെടലിനെയും ഇറാൻ സ്വാഗതം ചെയ്യുമെന്നും സൈനിക നടപടികളേക്കാൾ ചർച്ചകളിലൂടെയുള്ള പരിഹാരമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങളുടെ ചരിത്രപരമായ കടമ ഇറാൻ തുടരുമെന്നും സൗഹൃദ രാജ്യങ്ങളുടെ വാണിജ്യ സുരക്ഷയ്ക്ക് തങ്ങൾ ഉറപ്പുനൽകുന്നുവെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ അരാഘ്ചി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റിന്റെ ഈ ഇന്ത്യൻ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടും.