
സൂറിച്ച്: ആശാവാഹമായ പുരോഗതിയെന്ന് രേഖപ്പെടുത്തി ഇറാനും യുഎസും തമ്മിൽ സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന ഒന്നാംഘട്ട ചർച്ചയുടെ ആദ്യദിനം അവസാനിപ്പിച്ചു. 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തുന്നതിനായുള്ള ഒരു റോഡ്മാപ്പിൽ രാജ്യങ്ങൾ ധാരണയിലെത്തിയതായി മധ്യസ്ഥരായ ഖത്തറും പാകിസ്താനും ഇറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
'60 ദിവസത്തിനുള്ളിൽ ഒരു അന്തിമ കരാറിലെത്തുന്നതിനുള്ള ഒരു റോഡ്മാപ്പ് ഉന്നതതല സമിതി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ചർച്ചകൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ചർച്ചകൾ എല്ലാ ആഴ്ചയും തുടരും' പ്രസ്താവനയിൽ പറയുന്നു.
ആശങ്കകളും അനിശ്ചിതത്വങ്ങളും നിറഞ്ഞതായിരുന്നു ഒന്നാംദിന ചർച്ച. ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതാണ് ചർച്ചകളിൽ കല്ലുകടി സൃഷ്ടിച്ചു. ഇറാൻ സംഘം ചർച്ചകളിൽനിന്ന് ഇറങ്ങിപ്പോയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാൻ സംഘം ചർച്ചകളിൽനിന്ന് വിട്ടുനിന്നിട്ടില്ലെന്നും അതൃപ്തി പ്രകടമാക്കിയിരുന്നതായും നയതന്ത്രജ്ഞരെ ഉദ്ധരിച്ച് മറ്റു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് യുഎസിന്റെയും ഇറാന്റെയും ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.
ചർച്ചകൾക്കിടെ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയും അല്ലാതെയും നടത്തിയ ഭീഷണിയോട് ഇറാൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്ന സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് എക്‌സിലൂടെ പ്രതികരിച്ചു.
'അവരുടെ ഭീഷണികൾക്ക് എന്തെങ്കിലും ഫലമുണ്ടായിരുന്നെങ്കിൽ, ഇത്രയും നിരാശാജനകമായ അവസ്ഥയിലേക്ക് യുഎസ് ഇന്നത്തെ നിലയിൽ എത്തില്ലായിരുന്നു. 'ഞങ്ങൾ അമേരിക്കൻ ഭീഷണികൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല. അവർ അവരുടെ പ്രസ്താവനകളിൽ സൂക്ഷ്മത പാലിക്കുന്നതാണ് നല്ലത്. ഞങ്ങളുടെ സായുധ സേന അവരോട് വ്യത്യസ്ത രീതിയിൽ പ്രതികരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈയാഴ്ച അവസാനം വരെ സ്വിറ്റ്‌സർലണ്ടിൽഎല്ലാ വിഷയങ്ങളിലും സാങ്കേതിക ചർച്ചകൾ തുടരുമെന്നും മധ്യസ്ഥരാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും സഹായിക്കുന്നതിനുള്ള ഒരു ആശയവിനിമയ സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ചാണ് ആദ്യദിവസം പ്രധാനമായും ചർച്ച ചെയ്തതെന്നാണ് വിവരം.
ലെബനൻ യുദ്ധം അവസാനിപ്പിക്കുന്നതിന് പാകിസ്താന്റെയും ഖത്തറിന്റെയും അക്ഷീണമായ മധ്യസ്ഥത വലിയ പുരോഗതി കൈവരിച്ചുവെന്ന് ചർച്ചകൾക്ക് ശേഷം ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഉപരോധം നീക്കുന്നതിനും മരവിപ്പിച്ച ചില ആസ്തികൾ വിട്ടയക്കുന്നതും ചർച്ചയിൽ തീരുമാനമായാതായണ് അരാഗ്ചിയുടെ പ്രതികരണം.
Content Highlights: Agreement on a 60-day roadmap for a final diplomatic deal., Formation of a high-level committee to oversee weekly negotiations., Establishment of a communication system for safe shipping in the Strait of Hormuz., Discussions focused on a ceasefire in Lebanon and lifting of sanctions., Mediation led by Qatar and Pakistan.
Published: 22 Jun 2026, 09:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented