
ടെഹ്‌റാൻ: ഇറാൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണത്തിന് നീക്കം തുടങ്ങി. യുഎസിന്റെ നാവികസേനാ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും ഹോർമുസ് കടലിടുക്ക് അടയ്ക്കാനും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
'ഫോർഡോ ആണവ കേന്ദ്രത്തിന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോൾ നമ്മുടെ ഊഴമാണ്' എന്നുപറഞ്ഞുള്ള ഖമീനിയുടെ ഉപദേഷ്ടാവിന്റെ സന്ദേശം പുറത്തുവന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഒരു മടിയും കൂടാതെ, ആദ്യപടിയായി ബഹ്റൈനിൽ നിലയുറപ്പിച്ച അമേരിക്കൻ നാവികപ്പടയ്ക്ക് നേരെ മിസൈൽ ആക്രമണം ആരംഭിക്കണം, ഒപ്പം അമേരിക്കൻ, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് എന്നിവരുടെ കപ്പൽ ഗതാഗതം തടയാനായി ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും വേണം.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തോട് പരമോന്നത നേതാവ് ഖമീനിയിൽ നിന്നോ ഇറാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ആക്രമണം ഇറാന്റെ ആണവോർജ ഏജൻസി പ്രതികരണം നടത്തിയിട്ടുണ്ട്.
യുഎസിന്റെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവും പ്രത്യേകിച്ച് ആണവ നിർവ്യാപന കരാറിന് (എൻ.പി.ടി.) വിരുദ്ധമായ ഒരു ക്രൂരമായ പ്രവൃത്തിയാണെന്ന് അവരുടെപ്രസ്താവനയിൽ പറയുന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സഹകരണത്തോടെയാണ് ഈ നിയമവിരുദ്ധമായ നടപടിയുണ്ടായിട്ടുള്ളതെന്നും ഇറാനിയൻ ആണവോർജ്ജ സംഘടന ആരോപിച്ചു.
ബി-2 ബോംബറുകൾ അടക്കം ഉപയോഗിച്ചാണ് ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. ട്രംപ് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിക്കുകയും ഇറാനുമായി യൂറോപ്യൻ രാജ്യങ്ങൾ ചർച്ചകൾ നടത്തി വരികയും ചെയ്യുന്നതിനിടെ അപ്രതീക്ഷിത ആക്രമണമാണ് യുഎസ് നടത്തിയത്. ഫോർദൊ ആണവ കേന്ദ്രത്തിൽ ഒരു ഡസൻ 'ബങ്കർ ബസ്റ്റർ' ബോംബുകൾ വർഷിക്കാൻ യുഎസ് ആറ് ബി-2 ബോംബറുകൾ ഉപയോഗിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
നാവിക അന്തർവാഹിനികൾ 30 ടിഎൽഎഎം ക്രൂയിസ് മിസൈലുകൾ നതാൻസിലും ഇസ്ഫഹാനിലും പ്രയോഗിച്ചു, കൂടാതെ ഒരു ബി2 രണ്ട് ബങ്കർ ബസ്റ്ററുകൾ നതാൻസിൽ വർഷിച്ചുവെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അമേരിക്കയ്‌ക്കെതിരെ ഇറാൻ നടത്തുന്ന ഏതൊരു പ്രതികാര നടപടിയും ഇന്ന് സാക്ഷ്യപ്പെടുത്തിയതിനേക്കാൾ വലിയ ശക്തിയോടെ നേരിടേണ്ടിവരുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ആക്രമണത്തിൽ ഫോർഡോ ആണവ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഇറാൻ പാർലമെന്റ് അംഗം മുഹമ്മദ് മനാൻ റഈസി പറഞ്ഞു. അപകടകരമായ വസ്തുക്കൾ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നതിനാൽ ആക്രമണത്തിന് ശേഷം ആണവ വികിരണം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾക്ക് റഈസി ഉറപ്പുനൽകി. ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് പ്രസിഡന്റിന്റെ മണ്ടൻ പ്രവൃത്തിക്ക് ഇനി ഇറാനാണ് എങ്ങനെ പ്രതികരിക്കാനുള്ള ഊഴമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Prominent adviser to Iran’s supreme leader says it “must launch missile strikes” on US Navy ships
Published: 22 Jun 2025, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented