ഇസ്ലാമാബാദ്: ഇറാനിൽ ആയത്തുള്ള അലി ഖമേനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാകുകയും മരണം 500 കടക്കുകയും ചെയ്തതോടെ അയൽരാജ്യമായ പാകിസ്താൻ കടുത്ത ആശങ്കയിൽ. പ്രക്ഷോഭം ഇറാന്റെ അതിർത്തി പ്രവിശ്യയായ സിസ്താൻ-ബലൂചിസ്ഥാനിലേക്ക് വ്യാപിച്ചതാണ് പാകിസ്താനെ പേടിപ്പിക്കുന്നത്. ഇറാനിലെ അസ്ഥിരത ബലൂചിസ്ഥാൻ പ്രവിശ്യയിലേക്കും പടരാൻ സാധ്യതയുണ്ടെന്നാണ് പാകിസ്താൻ ഭയപ്പെടുന്നത്. പാകിസ്താനും ഇറാനും ഏകദേശം 900 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്നുണ്ട്. ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാനിലും പാകിസ്താനിലെ ബലൂചിസ്ഥാനിലും ഒരേ വംശീയത പങ്കിടുന്ന ബലൂച് വിഭാഗക്കാരാണ് താമസിക്കുന്നത്.

To advertise here,

ഇറാനിലെ അസ്ഥിരത പാകിസ്താനിലെ ബലൂച് വിഘടനവാദ പ്രസ്ഥാനങ്ങൾക്ക് കരുത്തുപകരുമെന്നും ഇത് അതിർത്തി കടന്നുള്ള ആക്രമാസക്തമായ സമരങ്ങൾ ശക്തമാക്കാൻ ഇടയാക്കുമെന്നും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. പതിറ്റാണ്ടുകളായി ഈ മേഖലയിൽ വിഘടനവാദികൾ പാകിസ്താൻ സൈന്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്

ഇറാൻ ഭരണകൂടം ദുർബലമായാൽ അതിർത്തി മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ അവർക്ക് സാധിക്കാതെ വരും. ഇത് സായുധ ഗ്രൂപ്പുകൾക്ക് വീണ്ടും സംഘടിക്കാനും താവളങ്ങൾ മാറ്റാനുമുള്ള സാഹചര്യം ഒരുക്കും. ഇതിനകം തന്നെ പാകിസ്താൻ തെഹ്രീകെ താലിബാൻ പാകിസ്താൻ (TTP), ബലൂച് വിഘടനവാദികൾ എന്നിവരിൽ നിന്ന് കടുത്ത ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ട്.

അതിനിടെ പാകിസ്താനിൽ യു.എസ് സൈന്യം എത്തിയത് സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. യുഎസ് സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് പാകിസ്താനിലെത്തിയെന്നത് സത്യമാണ്. അത് പക്ഷെ സംയുക്ത ഭീകരവിരുദ്ധാഭ്യാസങ്ങൾക്ക് വേണ്ടിയാണെന്നാണ് പാകിസ്താന്റെ വാദം. പഞ്ചാബിലെ പബ്ബിയിൽ സംയുക്ത സൈനികാഭ്യാസങ്ങൾ ആരംഭിച്ചതായും പാകിസ്താൻ വിശദീകരിക്കുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന സൈനികാഭ്യാസത്തിന്റെ സമയമാണ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം. ഇറാനിലെ സൈനിക നീക്കത്തിനായി അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് പാകിസ്താനിലെത്തിയെന്ന റിപ്പോർട്ടുകൾ പാകിസ്താനെ നയതന്ത്രപരമായി പ്രതിസന്ധിയിലാക്കുന്നുണ്ട്. അയൽരാജ്യമായ ഇറാനുമായി സുസ്ഥിരമായ ബന്ധം ആഗ്രഹിക്കുന്ന പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്. അതിനാലാണ് പ്രക്ഷോഭങ്ങൾ സമാധാനപരമായി തുടരണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനില്ലെന്നും പാകിസ്താൻ ഇടയ്ക്കിടെ അവർത്തിക്കുന്നത്.

പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് കാരണം. സംഘർഷം രൂക്ഷമായാൽ ഇറാനിൽ നിന്നുള്ള അഭയാർത്ഥികൾ പാകിസ്താനിലേക്ക് ഒഴുകാനുള്ള സാധ്യതയുണ്ട്. സ്വതവേ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്താന് വലിയതോതിലുള്ള അഭയാർഥി പ്രവാഹത്തെ താങ്ങാൻ സാധിക്കില്ല. അതിനാൽ അയൽരാജ്യമായ ഇറാനിൽ ഒരു ഭരണമാറ്റമോ അസ്ഥിരതയോ പാകിസ്താൻ ആഗ്രഹിക്കുന്നുമില്ല. എന്നാൽ ഇറാനിൽ ഭരണമാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന യു.എസുമായുള്ള ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ് താനും.

ഇതിന് പുറമെ, ബലൂചിസ്ഥാനിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ അതിർത്തി കടന്നുള്ള വ്യാപാരത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം ഈ വ്യാപാരങ്ങൾ തടസ്സപ്പെടാനും, ഇന്ധനക്കടത്ത് വർദ്ധിക്കാനും സാധ്യതയുണ്ട്. ഇത് പാകിസ്താന് തലവേദന സൃഷ്ടിക്കും. ഇറാനിലെ സ്ഥിതിഗതികൾ അവരുടെ ആഭ്യന്തര കാര്യമാണെന്ന് പാകിസ്താൻ ഔദ്യോഗികമായി പറയുമ്പോഴും, തങ്ങളുടെ പ്രവിശ്യയിലേക്ക് ഇത് പടരാതിരിക്കാൻ അതീവ ജാഗ്രതയിലാണ് രാജ്യം.