ക്വെറ്റ: ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ടിന്റെ (ബി.എൽ.എഫ്.) പുതിയ വനിതാ വിഭാഗമായ 'കരീമ ആംഡ് അസോൾട്ട് ഡിവിഷൻ' (കെ.എ.എൽ.ഡി.) നടത്തിയ ആദ്യ സായുധ ആക്രമണത്തിൽ ഒൻപത് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ബി.എൽ.എഫ്. പുറത്തുവിട്ടു. കവചിത വാഹനം ഉൾപ്പെടെയുള്ള പാക് സൈനിക വാഹനവ്യൂഹത്തിനുനേരെ പോരാളികൾ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണത്തിൽ ഒൻപത് പാക് സൈനികർ കൊല്ലപ്പെട്ടതായി വിഘടനവാദി സംഘടന അവകാശപ്പെട്ടു.

To advertise here,

സെപ്റ്റംബർ 22-ന് ബലൂചിസ്താൻ പ്രവിശ്യയിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിലെ (സി.പി.ഇ.സി.) ഹൈവേയിൽ ടർബറ്റിൽ വെച്ചാണ് സംഭവം. ക്വിക്ക് റെസ്പോൺസ് ഫോഴ്സിന്റെ (ക്യു.ആർ.എഫ്.) മൂന്ന് വാഹനങ്ങൾ അടങ്ങിയ വ്യൂഹത്തിനുനേരെ റൈഫിളുകളുമായി എത്തിയ കെ.എ.എൽ.ഡി. വിഭാഗം വെടിയുതിർക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

ആക്രമണത്തിൽ പാക് സൈനിക വാഹനങ്ങൾ തകർന്നതായി സംഘടനയുടെ വക്താവ് മേജർ ഗ്വാഹ്റാം ബലൂച് പ്രസ്താവനയിൽ അറിയിച്ചു. വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് 'ഖുർബാൻ' യൂണിറ്റ് പിന്തുണ നൽകിയിരുന്നു. പാക് സേനയെ ചെറുത്തുതോൽപ്പിക്കാനും സുരക്ഷിതമായി പിന്മാറാൻ സഹായിക്കാനും ഈ യൂണിറ്റിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിടയിൽ ഒരു ഖുർബാൻ യൂണിറ്റ് പോരാളി കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.