ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ അധ്യാപകനെ പാക് സൈന്യത്തിന്റെ പിന്തുണയുള്ള 'ഡെത്ത് സ്‌ക്വാഡ്' കൊലപ്പെടുത്തിയതായി പരാതി. ബലൂചിസ്താനിലെ ഗ്വാദർ ജില്ലയിലുള്ള പസ്നിയിലെ ഗവൺമെന്റ് ഹൈസ്‌കൂൾ ബബ്ബർ ഷോറിലെ അറബിക് അധ്യാപകൻ പർവേസ് മസാറാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് അധ്യാപകനെ തട്ടിക്കൊണ്ടുപോകുകയും തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ബന്ധുക്കളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

To advertise here,

സർക്കാർ പിന്തുണയുള്ള 'ഡെത്ത് സ്‌ക്വാഡ്' എന്ന് വിളിക്കപ്പെടുന്ന സായുധ സംഘത്തിലെ അംഗങ്ങളാണ് മസാറിനെ കൊലപ്പെടുത്തിയതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പസ്നി പ്രസ് ക്ലബ്ബിന് മുന്നിൽ മസാറിന്റെ മക്കളും കുടുംബാംഗങ്ങളും പ്രദേശവാസികളും ചേർന്ന് പ്രതിഷേധിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മസാറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അധികൃതർ തങ്ങളുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിച്ചില്ലെങ്കിൽ പസ്നി സീറോ പോയിന്റിൽ ധർണ നടത്തുമെന്നും മക്രാൻ കോസ്റ്റൽ ഹൈവേ ഉപരോധിക്കുമെന്നും പ്രക്ഷോഭകർ മുന്നറിയിപ്പ് നൽകി.

ഗ്വാദറിനെ പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയാണിത്. കുറ്റക്കാർക്ക് സംരക്ഷണം ഒരുക്കുന്ന നിലപാടാണ് പാകിസ്താൻ സൈനിക ശക്തികൾ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ പ്രതിഷേധക്കാർ, സാധാരണക്കാരെ പീഡിപ്പിക്കുന്ന ഇത്തരം സായുധ സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ബലൂചിസ്താനിൽ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പിന്തുണയോടെയും സംരക്ഷണത്തോടെയും പ്രവർത്തിക്കുന്ന സായുധ സംഘങ്ങളെ വിശേഷിപ്പിക്കാനാണ് ബലൂച് മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും 'ഡെത്ത് സ്‌ക്വാഡുകൾ' എന്ന പദം ഉപയോഗിക്കുന്നത്. ദീർഘകാലമായി കലാപവും സൈനിക നടപടികളും നിലനിൽക്കുന്ന ഈ പ്രവിശ്യയിൽ സാധാരണക്കാരെയും രാഷ്ട്രീയ പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ ആക്രമണം നടത്താറുണ്ടെന്നാണ് ആരോപണം.