ടെഹ്‌റാൻ: ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് കാരണം അമേരിക്കയും ഇസ്രയേലും ആണെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ട്രംപിനെ 'ക്രിമിനൽ എന്ന് വിശേഷിപ്പിച്ച ഖമേനി ഇറാനിലെ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി ഈ രണ്ട് ബാഹ്യശക്തികളാണെന്ന് കുറ്റപ്പെടുത്തി.

To advertise here,

ഇറാനിലെ സമീപകാല അസ്വസ്ഥതകൾക്ക് പിന്നിൽ അമേരിക്കയാണ്. എങ്കിലും രാജ്യം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് പോകില്ല. ഇറാനിൽ സംഭവിച്ച മരണങ്ങൾക്കും അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും പിന്നിൽ അമേരിക്കയാണ്. ഒരു രാജ്യമെന്ന നിലയിൽ അക്രമങ്ങൾക്ക് ഉത്തരവാദികളാണെന്ന് കരുതുന്നർക്കു മാപ്പു നൽകാനാവില്ലെന്നും ഖമേനി പറഞ്ഞു.

'രാജ്യത്തെ ഒരു യുദ്ധത്തിലേക്ക് വലിച്ചിടില്ല. പക്ഷെ, രാജ്യത്തിനകത്തും പുറത്തുമുള്ള കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകാൻ അനുവദിക്കില്ല. സമീപകാല പ്രതിഷേധങ്ങൾ വിദേശ പിന്തുണയുള്ളതാണ്‌. ഇറാനിൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയുടെ ഭാഗമാണ്.’ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുന്ന പ്രസ്താവനകൾ നടത്തിയ ട്രംപിന്റെ ഇടപെടലിനെ അദ്ദേഹം കുറ്റപ്പെടുത്തി. നാശനഷ്ടം വരുത്തിയവരെ ഇറാനിയൻ ജനതയുടെ പ്രതിനിധികളായി ചിത്രീകരിച്ച് പ്രതിഷേധങ്ങളെ തെറ്റായി ചിത്രീകരിച്ചു. പ്രക്ഷോഭകർ 250-ലധികം പള്ളികളും മെഡിക്കൽ സൗകര്യങ്ങളും കത്തിച്ചതായും അദ്ദേഹം പറഞ്ഞു.

നാണയപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിച്ച പ്രശ്‌നങ്ങളെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതോടൊപ്പം കാലങ്ങളായി ഇറാൻ ജനത നേരിടുന്ന വ്യക്തിസ്വാതന്ത്ര്യമില്ലായ്മയും ലിംഗവിവേചനവും ചർച്ചയായി. ട്രംപിന്റെ ശക്തമായ ഇടപെടലും മുന്നറിയിപ്പുകളും കാരണം പ്രക്ഷോഭകരെ തൂക്കിക്കൊല്ലുന്നതിൽനിന്ന് ഇറാൻ പിന്തിരിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ അവസാനം മുതൽ വ്യാപിച്ച പ്രക്ഷോഭങ്ങളിൽ ഇറാനിയൻ സർക്കാർ നടത്തിയ നടപടികളിൽ ഏകദേശം 3,500 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്.

പ്രക്ഷോഭം തീവ്രത കുറയുന്നതിനിടെ ഇറാനിലെ പ്രവാസിയായ രാജകുമാരൻ റെസ പഹ്ലവി ഇറാനിയൻ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. 'നമ്മുടെ ദേശീയ മുദ്രാവാക്യങ്ങളോടെ രോഷത്തോടെ ശബ്ദമുയർത്തുക' എന്ന ആഹ്വാനത്തോടെ ഒരു പുതിയ ഏവീഡിയോ അദ്ദേഹം പുറത്തുവിട്ടു.

നോർവേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് 3,428 പ്രക്ഷോഭകരെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ സംഖ്യ ഇതിനേക്കാൾ വളരെ കൂടുതലായിരിക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. മറ്റ് കണക്കുകൾ പ്രകാരം മരണസംഖ്യ 5,000-ൽ കൂടുതലാണ്, ഒരുപക്ഷേ 20,000 വരെ. ഇന്റർനെറ്റ് നിരോധനം സ്വതന്ത്രമായ പരിശോധനകളെ ഗണ്യമായി പരിമിതപ്പെടുത്തുന്നതായി കഒഞ പറഞ്ഞു. ഇറാൻ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതിലെ മരണസംഖ്യ കുറഞ്ഞത് 3,090 ആയി ഉയർന്നതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.