
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായി ഒരു കരാറിന് തയ്യാറാണെന്ന് ഇറാൻ നിർദേശിച്ചതായി വിവരം. ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥരായ പാകിസ്താൻ വഴിയാണ് ഇത്തരമൊരു നിർദേശം ഇറാൻ കൈമാറിയതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ axios റിപ്പോർട്ട് ചെയ്യുന്നു.
ആണവ വിഷയത്തിൽ എന്ത് വിട്ടുവീഴ്ചകൾ ചെയ്യണമെന്ന കാര്യത്തിൽ ഇറാനിയൻ നേതൃത്വത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രശ്‌നം വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇറാന്റെ പുതിയ നിർദേശത്തെ കാണുന്നത്.
എന്നാൽ ഇറാനുമേലുള്ള ഉപരോധം പിൻവലിക്കുന്നത് ഭാവി ചർച്ചകളിൽ സ്വാധീനം കുറയ്ക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് പ്രധാനമാണെന്നും യുഎസ് കരുതുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇറാനുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിന് ട്രംപ് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിദേശനയ ടീമിലെ അംഗങ്ങളുമായും ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
ഹോർമുസ് തുറക്കുക വഴി ആദ്യം ഉപരോധം നീക്കുക. ഒപ്പം വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടുകയോ അല്ലെങ്കിൽ ഇരു കക്ഷികളും യുദ്ധത്തിൽ നിന്ന് സ്ഥിരം വിടുതലിന് സമ്മതിക്കുകയോ ചെയ്യും. കടലിടുക്ക് തുറന്നതിന് ശേഷവും ഉപരോധം പിൻവലിച്ചതിന് ശേഷവും മാത്രമായിരിക്കും ആണവ ചർച്ചകൾ ആരംഭിക്കുക. എന്നാൽ ഈ നിർദേശം യുഎസ് പരിഗണിക്കുമോ എന്നത് വ്യക്തമല്ല.
നയതന്ത്ര ചർച്ചകളിലെ സ്തംഭനാവസ്ഥയും അടുത്ത ഘട്ടത്തിലെടുക്കേണ്ട നടപടികളും ട്രംപിന്റെ സംഘം ചർച്ച ചെയ്യുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇറാനിയൻ എണ്ണ കയറ്റുമതിയെ തടയുന്ന നാവിക ഉപരോധം തുടരാൻ താൻ ആഗ്രഹിക്കുന്നതായി ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ എണ്ണ കയറ്റി അയക്കാൻ കഴിയാതെ വരുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇറാൻ വഴങ്ങുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് തവണ പാകിസ്താനിൽ സന്ദർശനം നടത്തിയിരുന്നു. ശനിയാഴ്ച യു.എസ്. പ്രതിനിധികൾ ചർച്ചയ്‌ക്കെത്തുംമുൻപേ പാകിസ്താനിൽനിന്ന് ഒമാനിലേക്കു പോയ ഞായറാഴ്ച വീണ്ടും ഇസ്ലാമാബാദിലെത്തി. പാകിസ്താൻ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തി. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങളടങ്ങിയ പ്രാഥമിക രൂപരേഖയുടെ കാര്യത്തിലുള്ള ഇറാന്റെ നിലപാട് അദ്ദേഹം അവരെ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി അരാഗ്ചിയും സംഘവും ഇസ്ലാമാബാദിൽ എത്തി പാക് സേനാമേധാവി അസിം മുനീർ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അരാഗ്ചിയുമായുള്ള സമാധാനചർച്ചയ്ക്കായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യാകാര്യ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കഷ്‌നർ എന്നിവർ ശനിയാഴ്ച ഇസ്ലാമാബാദിലേക്ക് പുറപ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. എന്നാൽ, അരാഗ്ചി അതിനുമുൻപേ ഒമാനിലേക്കു പോയി. പിന്നാലെ, യു.എസ്. പ്രതിനിധിസംഘത്തിന്റെ യാത്ര ട്രംപ് റദ്ദാക്കുകയായിരുന്നു.
തിങ്കളാഴ്ച അരാഗാചി മോസ്‌കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി ചർച്ച നടത്തിയേക്കും. യുഎസ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ ഇറാനിയൻ നേതൃത്വത്തിൽ സമവായം ആയിട്ടില്ലെന്ന് പാകിസ്താൻ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ നയതതന്ത്രജ്ഞരെ അബ്ബാസ് അരാഗ്ചി അറിയിച്ചതായും ആകിസിയോസ് റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Iran proposes reopening the Strait of Hormuz in exchange for lifting US sanctions., Nuclear program discussions are deferred to a later stage of negotiations
Published: 27 Apr 2026, 08:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented