വാഷിങ്ടൺ:ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനുനേരെ പരിമിതമായ ആക്രമണം നടത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് പരമാവധി 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനിടെ കരാറുണ്ടാക്കിയില്ലെങ്കിൽ ആക്രമിക്കുമെന്നും പറഞ്ഞു. “ഒന്നുകിൽ കരാറുണ്ടാക്കും. അല്ലെങ്കിൽ ഇറാനെസംബന്ധിച്ച് ദൗർഭാഗ്യകരമാകും കാര്യങ്ങൾ.” -ട്രംപ് മുന്നറിയിപ്പുനൽകി. ഇറാൻ അർഥവത്തായ കരാറുണ്ടാക്കിയില്ലെങ്കിൽ പത്തുദിവസത്തിനകം എന്തുനടക്കുമെന്ന് കാണുമെന്ന് ബോർഡ് ഓഫ് പീസ് സമ്മേളനത്തിലും ട്രംപ് പറഞ്ഞിരുന്നു. ഈ വാരാന്ത്യത്തിൽ ഇറാനെ ആക്രമിക്കാൻ സന്നദ്ധമാണെന്ന് യു.എസ്. സൈന്യം വൈറ്റ് ഹൗസിനെ അറിയിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി കനത്തിരിക്കയാണ്.
യു.എസ്. സൈനികനടപടിയുണ്ടായാൽ പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനികതാവളങ്ങൾ ആക്രമിക്കുമെന്ന് യു.എന്നിലെ ഇറാൻ സ്ഥാനപതി അമീർ സയിദ് ഇറാവാനി പറഞ്ഞു. യു.എൻ. സെക്രട്ടറി ജനറലിനും രക്ഷാസമിതി അധ്യക്ഷനുമയച്ച കത്തിലാണ് പ്രത്യാക്രമണം നടത്താനുള്ള നിയമപരമായ അവകാശം ഇറാനുണ്ടെന്നു പറഞ്ഞത്. ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ഉൾപ്പെടെയുള്ള ബ്രിട്ടന്റെ താവളങ്ങൾ യു.എസിന് വേണ്ടിവന്നേക്കുമെന്ന ട്രംപിന്റെ സാമൂഹികമാധ്യമ പോസ്റ്റും കത്തിൽ പരാമർശിച്ചു. യു.എസ്. പ്രസിഡന്റിന്റെ ആക്രമണോത്സുക പ്രസ്താവന വലിയ അപകടത്തിന്റെ സൂചനയാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ മേഖലയ്ക്കുമാത്രമല്ല അന്താരാഷ്ട്രസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഇറാവാനി പറഞ്ഞു. സൈന്യത്തെയുപയോഗിച്ചുള്ള ഇത്തരം നിയമവിരുദ്ധഭീഷണികളെ തടയാൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. സമാധാനപരമായ ആണവസമ്പുഷ്ടീകരണമാണ് ഇറാൻ കാംക്ഷിക്കുന്നതെന്നും നയതന്ത്രപരിഹാരങ്ങൾക്ക് സന്നദ്ധമാണെന്നും പറഞ്ഞു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലിനുനേരേ ഇറാൻ ആക്രമണം നടത്തിയാൽ ചിന്തിക്കാൻപോലുമാകാത്ത തിരിച്ചടി അവർ നേരിടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭീഷണിമുഴക്കി. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ സൈനികർക്ക് ജാഗ്രതാനിർദേശം നൽകി. 2025 ജൂണിലെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ കക്ഷിചേർന്ന് അമേരിക്ക ഇറാനെ ആക്രമിച്ചിരുന്നു. മറുപടിയായി ഖത്തറിലെ യു.എസിന്റെ അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് ഇറാൻ മിസൈലയച്ചു. ചൊവ്വാഴ്ച ജനീവയിൽനടന്ന രണ്ടാംവട്ടചർച്ചയിൽ കരടുരൂപരേഖ തയ്യാറാക്കാനും മൂന്നാംവട്ട ചർച്ചയിൽ അന്തിമകരാറിന് രൂപം നൽകാനും യു.എസും ഇറാനും തീരുമാനിച്ചിരുന്നു. ഇറാന്റെ ആണവായുധ അഭിലാഷങ്ങൾ തടയാനുള്ള സമ്മർദതന്ത്രത്തിന്റെ ഭാഗമായി 2003-ലെ ഇറാഖ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസമാണ് യു.എസ്. പശ്ചിമേഷ്യയിൽ നടത്തിയിട്ടുള്ളത്. ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ ഫോർഡ് വെള്ളിയാഴ്ച മെഡിറ്ററേനിയനിലെത്തി. എബ്രഹാം ലിങ്കൺ എന്നവിമാനവാഹിനി ഒരുമാസത്തോളമായി മേഖലയിലുണ്ട്.
പശ്ചിമേഷ്യയിലെ യു.എസ്. താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ ഇസ്രയേൽ സൈന്യത്തിന് ജാഗ്രതാനിർദേശം
Content Highlights: Iran given 15 days for nuclear deal or face limited US attack. Tensions rise in West Asia. Learn more about Trump`s ultimatum and potential consequences.
Published: 21 Feb 2026, 06:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented