ടെഹ്‌റാൻ: രാജ്യത്തിന് നേർക്കുള്ള യുഎസ്, ഇസ്രയേൽ സംയുക്ത ആക്രമണവേളയിൽപോലും മറ്റൊരു വിധത്തിലുള്ള പേടിയുടെ പിടിയിലാണ് ഇറാനിലെ കൗമാരക്കാരായ ആൺകുട്ടികൾ. കാരണം ഒരു പ്രവേശന പരീക്ഷയാണ്. രാജ്യത്തെ ദേശീയ സർവകലാശാലാ പ്രവേശന പരീക്ഷയായ കൊൺകുർ ആണ് മിക്ക ആൺകുട്ടികളുടെയും നെഞ്ചിൽ കനല് കോരിയിടുന്നത്.

To advertise here,

കൊൺകുർ പരീക്ഷയേയും അതിലെ വിജയത്തെയും കുറിച്ച് ആൺകുട്ടികൾ ഭയചകിതരാകാനുന്നതിന് പിന്നിൽ വ്യക്തമായ കാരണവുമുണ്ട്. അത് ഇതാണ്: ഇറാനിയൻ നിയമം അനുസരിച്ച്, പതിനെട്ടുവയസ്സ് പൂർത്തിയാകുന്നതോടെ ആൺകുട്ടികൾ നിർബന്ധമായും 18-24 മാസം നിർബന്ധിത സൈനിക സേവനം നടത്തിയിരിക്കണം. ആകെ ഇളവ് ലഭിക്കുക, ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവർക്ക് മാത്രമാണ്. സർവകലാശാലയിൽ പഠിക്കാൻ ചേരുന്നവർക്ക്, ബിരുദപഠനം പൂർത്തിയാകുന്നിടംവരെ സൈനികസേവനം നീട്ടിവെക്കാനാകും. സർവകലാശാലകളിൽ പ്രവേശനം നേടണമെങ്കിലോ, ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊൺകുർ പരീക്ഷ പാസ് ആകുകയും വേണം.

ചുരുക്കിപ്പറഞ്ഞാൽ, പതിനെട്ടുവയസ്സ് പൂർത്തിയായ ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഉടനടി സൈനികസേവനത്തിന് പോകണോ അതോ ഉന്നതവിദ്യാഭ്യാസത്തിന് ശേഷം മതിയോ എന്ന് തീരുമാനിക്കുന്നത് കൊൺകുർ പരീക്ഷയാണ്. നിലവിലെ ഇറാൻ-ഇസ്രയേൽ, യുദ്ധ പശ്ചാത്തലത്തിൽ മുൻവർഷങ്ങളേതിൽനിന്ന് വ്യത്യസ്തമായി ഇക്കുറി കുട്ടികൾക്കിടയിൽ ആശങ്കയുടെ തോതും കൂടുതലാണ്.

നാലരമണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. ശാസ്ത്രം മാത്രമല്ല, പേർഷ്യൻ സാഹിത്യം, അറബി ഭാഷ, മതപഠനം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സിലബസ്. പരീക്ഷ തോറ്റാൽ സ്വപ്‌നംകണ്ട തൊഴിൽമേഖല നഷ്ടമാകുമെന്ന് മാത്രമല്ല, ഉടൻ സൈനികസേവനത്തിലേക്ക് പോകേണ്ടിയും വരും.

ഇന്ത്യയിലാണെങ്കിൽ ജെഇഇയിലോ നീറ്റിലോ റാങ്ക് പിന്നിലായിപ്പോകുന്നപക്ഷം സ്വകാര്യ കോളേജുകളിൽ പ്രവേശനത്തിന് സാധ്യതയുണ്ട്. എന്നാൽ കൊൺകുർ പരീക്ഷയിൽ റാങ്ക് പിന്നിലായിപ്പോയാൽ ഉപരിപഠനത്തിനുള്ള അവസരം തീർത്തും പരിമിതമാകും. രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യഘട്ടം മേയ് അല്ലെങ്കിൽ ജൂൺ മാസത്തിലായിരിക്കും നടക്കുക. മെയിൻ പരീക്ഷ ജൂലൈയിലും നടക്കും. എന്നാൽ നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതിയിൽ മാറ്റമുണ്ടായേക്കാമെന്ന് നാഷണൽ ഓർഗനൈസേഷൻ ഫോർ എജ്യുക്കേഷണൽ ടെസ്റ്റിങ് അറിയിച്ചിട്ടുണ്ട്.

അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ നിരവധി സ്‌കൂളുകളും കോളേജുകളും അടച്ചിരിക്കുകയാണ്. പല കുട്ടികളും പ്രവേശന പരീക്ഷകൾക്ക് ഭൂമിക്കടിയിലെ സുരക്ഷാതാവളങ്ങളിലും ബേസുമെന്റുകളിലും മറ്റുമിരുന്നാണ് തയ്യാറെടുക്കുന്നത്.