
ടെഹ്‌റാൻ: ഇറാനിൽ അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ പ്രതിഷേധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, പ്രക്ഷോഭകരുടെ ആശയവിനിമയ മാർഗങ്ങൾ തകർക്കാൻ ഉപഗ്രഹ സിഗ്നലുകളെപ്പോലും തടസ്സപ്പെടുത്താൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. യുദ്ധകാലത്ത് എതിരാളികളുടെ വ്യോമമേഖലയിൽ ഉപഗ്രഹ സിഗ്നലുകളെ തടസ്സപ്പെടുത്തുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇറാൻ പ്രക്ഷോഭകരെ ലോകത്തിന്റെ മറ്റിടങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇറാനിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇത്തരത്തിൽ തടസ്സപ്പെട്ടുവെന്നാണ് വിവരം. ഇന്റർനെറ്റ് വിലക്കിനെ തുടർന്ന് രാജ്യത്ത് ആശയവിനിമയ സൗകര്യങ്ങൾ പരിമിതപ്പെട്ടിരിക്കുന്നതിനിടെയാണ് ഉപഗ്രഹങ്ങളെയും ലക്ഷ്യമിട്ട് നീക്കം തുടങ്ങിയത്.
ഇതുകൂടാതെ, സ്റ്റാർലിങ്ക് ഉപയോഗിക്കുന്നവർക്കെതിരെ ഇറാൻ കർശനമായ നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാരപ്രവർത്തനമായി കണക്കാക്കിയാൽ വധശിക്ഷ വരെ ലഭിക്കാമെന്നുമാണ് വിവരങ്ങൾ. പ്രക്ഷോഭകർക്ക് വധശിക്ഷ നൽകാനാണ് ഭരണകൂടം നിലവിൽ തീരുമാനമെടുത്തിരിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ 18 ദിവസമായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതിനകം 500-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് ബ്ലാക്ഔട്ടിനെ മറികടക്കാൻ പ്രക്ഷോഭകർ ആശ്രയിച്ചിരുന്ന ഏക മാർഗം സ്റ്റാർലിങ്ക് ആയിരുന്നു. നിലവിൽ ഇറാനിലെ 40,000 മുതൽ 50,000 വരെ ആളുകൾ സ്റ്റാർലിങ്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, ഭരണകൂടത്തിന്റെ പുതിയ ജാമിംഗ് നീക്കം ഈ സംവിധാനത്തെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. സ്റ്റാർലിങ്കിന്റെ അപ്ലിങ്ക്, ഡൗൺലിങ്ക് ട്രാഫിക്കുകൾ തുടക്കത്തിൽ 30 ശതമാനവും പിന്നീട് 80 ശതമാനത്തിലധികവും തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
സ്റ്റാർലിങ്കിനെ തടയാൻ ഉപയോഗിച്ചിരിക്കുന്ന നൂതനമായ ജാമിംഗ് സാങ്കേതികവിദ്യ ഇറാൻ സ്വന്തമായി വികസിപ്പിച്ചതല്ലെന്നാണ് അനുമാനം. ഒന്നുകിൽ റഷ്യയോ അല്ലെങ്കിൽ ചൈനയോ ആകാം ഇറാന് ഈ സാങ്കേതികവിദ്യ കൈമാറിയതെന്നാണ് ഉയരുന്ന ആരോപണം.
യുക്രൈൻ അധിനിവേശത്തിനിടെ റഷ്യ സ്റ്റാർലിങ്കിനെതിരെ പ്രയോഗിച്ചതിന് സമാനമായ രീതികളാണ് ഇറാനിലും കാണുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധനായ അമീർ റാഷിദി അഭിപ്രായപ്പെട്ടു. ചൈനീസ് നിർമ്മിതമായ അതിശക്തമായ മൈക്രോവേവ് ജാമിംഗ് സാങ്കേതികവിദ്യയാകാം ഇതിന് ഉപയോഗിക്കുന്നതെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തിന് പോലും ഭീഷണിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്റർനെറ്റ് വിച്ഛേദിച്ചതിലൂടെ ഇറാൻ സമ്പദ് വ്യവസ്ഥയ്ക്ക് മണിക്കൂറിൽ ഏകദേശം 1.56 ദശലക്ഷം ഡോളർ നഷ്ടമുണ്ടാകുന്നുണ്ട്. എന്നിരുന്നാലും പ്രക്ഷോഭം അടിച്ചമർത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് ഇറാൻ ഭരണകൂടം.
Content Highlights: Iran jams Starlink satellite internet signals to suppress protests, isolating citizens. New laws threaten severe penalties for Starlink users. Learn more.
Published: 12 Jan 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented